യാങ്കൂൻ: മ്യാൻമറിൽ പട്ടാളത്തിന്‍റെ വെടിയേറ്റ് മരിച്ച വിദ്യാർഥിയുടെ സംസ്കാര ചടങ്ങിന് നേരെ പട്ടാളം വെടിയുതിർത്തു. ശനിയാഴ്ച പട്ടാളം നടത്തിയ വെടിവയ്പ്പിൽ ആറ് കുട്ടികളുൾപ്പെടെ 114 പേർ കൊല്ലപ്പെട്ടിരുന്നു. അതിലൊരാളുടെ സംസ്കാര ചടങ്ങിനിടെയാണ് വെടിവെയ്‌പ് നടത്തിയത്. പട്ടാള ഭരണത്തിനെതിരെ കടുത്ത പ്രക്ഷോഭമാണ് രാജ്യത്ത് നടക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ഓങ് സാങ് സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചത്. ഇതിന് ശേഷം നടന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 440 കടന്നു.
അതേസമയം, ശനിയാഴ്ചത്തെ കൂട്ടക്കൊലയെ ഐക്യരാഷ്ട്രസംഘടന അപലപിച്ചു. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളുടെ സൈനിക മേധാവികൾ മ്യാൻമർ പട്ടാളത്തോട് അക്രമത്തിൽ നിന്ന് പിന്മാറണമെന്നും പ്രക്ഷോഭകരുടെ മനുഷ്യാവകാശം മാനിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യാന്തര സമൂഹം മ്യാൻമറിനെതിരെ നടപടിയെടുക്കാത്തതിനെ ആംനെസ്റ്റി ഇന്‍റർനാഷനൽ വിമർശിച്ചു.