ഹനോയ്: കാടുവിട്ട് നാട്ടിലെത്തിയ ഒരാള്‍, നാട്ടിലെ ഓരോ കാഴ്‌ചകളും സംഭവങ്ങളും അയാള്‍ക്ക് അത്ഭുതവും കൗതുകവുമാണ്. നിരവധി സിനിമകള്‍ക്ക് ആധാരമായ ഒരു സംഭവമാണിത്. ഹോളിവുഡിലും, മലയാളത്തിലും ഇത്തരം സംഭവങ്ങള്‍ പ്രമേയമായി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.
മൗഗ്ലിയും ടാർസനും മുതല്‍ ബാംബു ബോയ്‌സ് വരെ. എന്നാല്‍ ഈ കഥകള്‍ വിയറ്റ്‌നാമിലുള്ളവർക്ക് ഇനി വെറും കഥയല്ല. കാരണം കഥപോലുള്ള ഇത്തരമൊരു സംഭവം വിയറ്റ്‌നാമില്‍ യാഥാർഥ്യമായിരിക്കുകയാണ്.
1972 ലെ കാട് കയറ്റം
ഹൊ വാൻ ലാങ്ക് എന്നാണ് വിയറ്റ്‌നാമിലെ ടാർസന്‍റെ പേര്. 1972ലുണ്ടായ വിയറ്റ്‌നാം യുദ്ധത്തില്‍ നിന്നും രക്ഷപ്പെടാൻ കാട് കയറിയ കുടുംബത്തിലെ അംഗമാണ് ഇയാള്‍. യുദ്ധത്തില്‍ ഭാര്യയെയും രണ്ട് മക്കളെയും നഷ്‌ടപ്പെട്ട ലാങ്കിന്‍റെ അച്ഛൻ ശേഷിച്ച രണ്ട് മക്കളെയും ഒപ്പം കൂട്ടി കാട്ടിലേക്ക് രക്ഷപ്പെട്ടു. മൂന്നാം വയസ് മുതല്‍ ക്വാംഗ് നാഗി പ്രവിശ്യയിലുള്ള തായ് താരാ ജില്ലയിലെ ഉൾക്കാടാണ് ലാങ്കിന്‍റെ നാട്.
also read: "നേതാജിയുടെ തൊപ്പിയെവിടെ?" പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍
നാട്ടുകാര്‍ പ്രാകൃതമെന്ന് വിളിക്കുന്ന കാടിന്‍റെ സ്വാഭാവിക ജീവിതത്തില്‍ ലാങ്കും കുടുംബവും വളർന്നു. വേട്ടയാടി ഭക്ഷിച്ചും കാട്ടുചോലകളില്‍ നിന്ന് കുടിച്ചും അവർ വളർന്നു. വേട്ടയാടാൻ മാത്രമല്ല. മൃഗങ്ങളെ പരിപാലിക്കാനും ഇവർ ശ്രദ്ധിച്ചു.
2013ല്‍ നാട്ടിലെത്തി
41 വര്‍ഷങ്ങള്‍ക്ക് ശേഷം 2013ല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ അല്‍വറൊ സിറസോയാണ് ഇവരെ കാടിനോട് ചേര്‍ന്നുകിടക്കുന്ന ഒരു ആദിവാസി ഗ്രാമത്തിലെത്തിച്ചത്. വര്‍ഷം ആറ് കഴിഞ്ഞിട്ടും പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ അവർക്കാകുന്നില്ല.
മനുഷ്യരുമായി അടുത്തിടപഴകാൻ പോലും ഇവർ ഭയക്കുകയാണ്. ലാങ്കിന്‍റെ പിതാവ് വിയറ്റ്‌നാം യുദ്ധം ഇപ്പോഴും തുടരുകയാണെന്നും അതിനാല്‍ ഉടൻ കാട്ടിലേക്ക് മടങ്ങണമെന്നുമാണ് പറയുന്നത്.
അച്ഛനെയും സഹോദരനെയും മാത്രം കണ്ടിട്ടുള്ള ലാങ്കിന് സ്‌ത്രീ എന്താണെന്ന് പോലും അറിയില്ലെന്ന് അല്‍വറൊ പറയുന്നു. ശരീര വലിപ്പം മാത്രമുള്ള ഒരു കുട്ടിയാണ് ലാങ്കെന്ന് അല്‍വറൊ പറയുന്നു. നാടുവിട്ട് കാടുകേറാൻ മൂന്ന് പേരും ആഗ്രഹിക്കുന്നുണ്ട്. ഇനിയെന്ത് സംഭവിക്കുമെന്ന് കണ്ട് തന്നെ അറിയണം.