മോസ്കോ: സൗഹൃദപരമല്ലാത്ത രാജ്യങ്ങളുടെ എംബസികളിൽ ജോലി ചെയ്യുന്ന റഷ്യക്കാരുടെ എണ്ണം പരിമിതപ്പെടുത്താനോ അല്ലെങ്കിൽ അവരുടെ സേവനം പൂർണമായും ഒഴിവാക്കാനോ അനുവദിക്കുന്ന ഉത്തരവിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഒപ്പുവച്ചു. അമേരിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് റഷ്യയുടെ നടപടി.
ഇതോടൊപ്പം സൗഹൃദപരമല്ലാത്ത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കാനും ഉത്തരവിൽ സർക്കാരിന് നിർദേശം നൽകി. റഷ്യയുടെ ഉത്തരവ് മറ്റ് രാജ്യങ്ങളുടെ എംബസികളെ മാത്രമല്ല കോൺസുലാർ ഓഫീസുകളെയും ബാധിക്കുന്നതാണ്.
2020 ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടതും, ഫെഡറൽ ഏജൻസികളുടെ സോളാർ വിൻഡ് ഹാക്കിൽ പങ്കെടുത്തതുമായ 10 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക കഴിഞ്ഞ ആഴ്‌ച പുറത്താക്കിയിരുന്നു. ചെക്ക് റിപ്പബ്ലിക്ക് കഴിഞ്ഞ ആഴ്‌ച 18 റഷ്യൻ പ്രതിനിധികളെ ചാരന്മാരായി മുദ്രകുത്തി. കൂടാതെ 20 ചെക്ക് നയതന്ത്ര ഉദ്യോഗസ്ഥരെ നാട്ടിലേക്ക് അയയ്ക്കാൻ റഷ്യയുടെ മേൽ സമ്മർദം ചെലുത്തുകയും ചെയ്തു. ബാൾട്ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാറ്റ്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളും നാല് റഷ്യൻ പ്രതിനിധികളെ പുറത്താക്കിയിരുന്നു.