ഹോങ്കോങ്: ചൈനയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് നടന്ന പ്രക്ഷോഭത്തില്‍ വിദ്യാർഥിയെ പൊലീസ് വെടിവച്ചതിനെ അപലപിച്ച് കോളജ് വിദ്യാർത്ഥികളുടെ പ്രതിഷേധം.ഹോങ്കോങില്‍ കഴിഞ്ഞ ജൂൺ മുതല്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതാദ്യമായാണ് ഒരാള്‍ക്ക് വെടിയേല്‍ക്കുന്നത്. പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം നടത്തുന്നത് നിയമപരമല്ലെന്ന് റാലിയില്‍ പങ്കെടുത്തവർ ആരോപിച്ചു.
വിദ്യാർഥികൾ പൊലീസ് വിരുദ്ധ മുദ്രാവാക്യം ഉയർത്തുകയും വെടിവെപ്പിന്‍റെ ഉത്തരവാദിത്തം പൊലീസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജീവന് ഭീഷണിയായതിനെ തുടർന്നാണ് പൊലീസുകാരൻ 18 വയസുകാരന്‍റെ നെഞ്ചില്‍ വെടിവച്ചതെന്നും നടപടി ന്യായവും നിയമപരവുമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വെടിയേറ്റ വിദ്യാർഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.