കാഠ്‌മണ്ഡു: പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ പാർലമെന്‍റ് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരായ പോരാട്ടത്തിന് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം പിന്തുണ നൽകണമെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിമത വിഭാഗം ചെയർപേഴ്‌സൺ പുഷ്‌പ കമൽ ദഹാൽ പ്രചണ്ഡ. പ്രചണ്ഡയുമായുള്ള അധികാര തർക്കത്തിനിടയിലാണ് ഒലി ജനപ്രതിനിധിസഭ പിരിച്ചുവിട്ടത്. ഇതിനെത്തുടർന്ന് ഡിസംബർ 20 മുതൽ നേപ്പാൾ രാഷ്ട്രീയ പ്രതിസന്ധിയിലുമാണ്. 275 അംഗ സഭയെ പിരിച്ചുവിടാനുള്ള അദ്ദേഹത്തിന്‍റെ നീക്കം ഭരണകക്ഷിയുടെ സഹ ചെയർമാനായ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള എൻസിപിയിൽ നിന്ന് പ്രതിഷേധവും ക്ഷണിച്ചുവരുത്തിയിരുന്നു.
ജനപ്രതിനിധിസഭയെ പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി ഒലിയുടെ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നീക്കത്തെ സുപ്രീംകോടതി അംഗീകരിക്കില്ലെന്നാണ് താൻ വിശ്വസിക്കുന്നുവെന്ന് കാഠ്‌മണ്ഡുവിൽ നടന്ന പ്രതിഷേധ റാലിക്ക് മുന്നോടിയായി പ്രചണ്ഡ പറഞ്ഞു. സഭ പുനസ്ഥാപിച്ചില്ലെങ്കിൽ രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാഠ്‌മണ്ഡു ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള വിഭാഗം സർക്കാർ വിരുദ്ധ പ്രതിഷേധ റാലികളും പൊതുസമ്മേളനങ്ങളും നടത്തിയിരുന്നു. സഭ പിരിച്ചുവിട്ട് ഭരണഘടന ലംഘിച്ച ശേഷം നിലവിലെ സാഹചര്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമാകുമെന്ന് പ്രചണ്ഡ കൂട്ടിചേർത്തു. ഭരണഘടനാ വ്യവസ്ഥ ലംഘിച്ച ഒലിയുടെ നീക്കം രാജ്യത്തെയാകെ രാഷ്ട്രീയ അസ്ഥിരതയിലേക്ക് വലിച്ചിഴച്ചതായി വിമത വിഭാഗത്തിന്‍റെ മറ്റൊരു ചെയർപേഴ്‌സൺ മാധവ് കുമാർ നേപ്പാൾ വ്യക്തമാക്കി.
പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള വിഭാഗം തനിക്കെതിരെ അവിശ്വാസ പ്രമേയം ഫയൽ ചെയ്യാനും പ്രസിഡന്‍റ് ബിദ്യാ ദേവിക്കെതിരെ ഇംപീച്ച്‌മെന്‍റ് പ്രമേയം അവതരിപ്പിക്കാനും പദ്ധതിയിട്ടിരിക്കുകയാണെന്ന് അറിഞ്ഞതിനെത്തുടർന്ന് സഭ പിരിച്ചുവിടാൻ നിർബന്ധിതനായതായി ഒലി പറഞ്ഞു. അതേസമയം, പാർലമെന്‍റ് പിരിച്ചുവിടാനും പുതിയ തെരഞ്ഞെടുപ്പ് നടത്താനുമുള്ള ഒലിയുടെ പെട്ടന്നുള്ള തീരുമാനത്തെ ആഭ്യന്തര കാര്യമായി ഇന്ത്യ വിശേഷിപ്പിച്ചു, അത് ജനാധിപത്യ പ്രക്രിയകൾക്കനുസരിച്ച് രാജ്യത്തിന് തീരുമാനിക്കാമെന്നുമാണ് ഇന്ത്യ നിലപാടെടുത്തത്.