ഇസ്‌ലാമാബാദ് : ഇമ്രാന്‍ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച പാകിസ്ഥാന്‍ പാര്‍ലമെന്‍റായ നാഷണല്‍ അസംബ്ലിയില്‍ നാളെ നടക്കാനിരിക്കെ, തെരുവിലിറങ്ങി സര്‍ക്കാര്‍, പ്രതിപക്ഷ അനുകൂലികള്‍. നാഷണല്‍ അസംബ്ലി അംഗവും (എംഎന്‍എ) വിമതനുമായ മാലിക് അഹമദ് ഹസൻ ദെഹാറിന്‍റെ വീടിന് പുറത്ത് പ്രതിഷേധവുമായി ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) അനുഭാവികൾ തടിച്ചുകൂടി. പ്രതിപക്ഷമായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) പ്രവർത്തകർ മറ്റൊരു പിടിഐ വിമതനായ നൂർ ആലം ഖാന്‍റെ വസതിക്ക് പുറത്ത് പിന്തുണ അറിയിച്ചുകൊണ്ട് റാലി നടത്തിയതായി പ്രമുഖ പത്രമായ ഡോണ്‍ റിപ്പോർട്ട് ചെയ്‌തു.
മുള്‍ട്ടാനില്‍ പിടിഐ അനുഭാവികൾ വടികളും കല്ലുകളുമേന്തി ദെഹാറിനെതിരെയും മറ്റൊരു വിമത എംഎന്‍എ റാണ ഖാസിം നൂണിനെതിരെയും മുദ്രാവാക്യം മുഴക്കി. വിമത എംഎന്‍എകള്‍ ഒന്നുകിൽ രാജിവച്ച് പിടിഐ സ്ഥാനാർഥികൾക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കണം, അല്ലെങ്കിൽ പൊതുജന രോഷം നേരിടണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ പിടിഐ നേതാവ് നദീം ഖുറേഷി പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, നൂർ ആലം ഖാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജെയുഐ-എഫ് പ്രവർത്തകർ അദ്ദേഹത്തിന്‍റെ വീടിന് പുറത്ത് റാലി നടത്തി. വെള്ളിയാഴ്‌ച ലാഹോറിലെ എംഎൻഎ വാജിഹ അക്രത്തിന്‍റെ വീടിന് പുറത്തും പിടിഐ അനുഭാവികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ആരോപിച്ച് മാര്‍ച്ച് എട്ടിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇമ്രാന്‍ സര്‍ക്കാരിനെതിരെ നാഷണല്‍ അസംബ്ലിയുടെ സെക്രട്ടേറിയറ്റില്‍ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്. പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്‍റ് എന്ന പേരില്‍ പാകിസ്ഥാന്‍ മുസ്‌ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍), പാകിസ്ഥാന്‍ പീപ്പിള്‍സ് പാർട്ടി (പിപിപി), അവാമി നാഷണല്‍ പാര്‍ട്ടി, ജമാ അത്ത് ഇലമ ഇസ്‌ലാം എന്നി പ്രതിപക്ഷ പാര്‍ട്ടികളാണ് ഇമ്രാന്‍ സര്‍ക്കാരിനെതിരെ അണിനിരന്നത്.
പിന്നാലെ അവിശ്വാസ പ്രമേയത്തെ അനുകൂലിയ്ക്കുമെന്ന് പ്രഖ്യാപിച്ച് 24 ഭരണകക്ഷി എംഎല്‍എമാരും രംഗത്തെത്തി. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ നാളെയാണ് പാര്‍ലമെന്‍റ് ചേരുന്നത്. മാര്‍ച്ച് 28നാണ് വോട്ടെടുപ്പ്. ഇതില്‍ തോറ്റാല്‍ ഇമ്രാന്‍ ഖാന്‍ രാജി വയ്ക്കേണ്ടി വരും. പാക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. എന്നാല്‍ സൈന്യം പിന്തുണയ്ക്കുമോയെന്ന് വ്യക്തമല്ല.