പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഭൂട്ടാൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധം, വിദ്യാഭ്യാസം, ജലവൈദ്യുതി പദ്ധതി, എന്നീ മേഖലകളിൽ ചർച്ച നടക്കും. ഇരു രാജ്യങ്ങളും തമ്മിൽ പത്തോളം ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കാനും സാധ്യതയുണ്ട്.
സന്ദർശനത്തിന്റെ ഭാഗമായി ഭൂട്ടാൻ പ്രധാനമന്ത്രി ലൊട്ടായ് ഷെറിങ്ങിന് പുറമേ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്കുമായും നരേന്ദ്ര മോദി ചർച്ച നടത്തും.
സാംസ്കാരികമായി വളരെ അടുത്ത ബന്ധമുള്ള ഇരു രാജ്യങ്ങളും തമ്മിൽ പരമ്പരാഗതമായി നിലനിൽക്കുന്ന ബന്ധം കൂടുതൽ ചർച്ചകളിലൂടെ ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സന്ദർശനം. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സാമ്പത്തിക ബന്ധം, ജലവൈദ്യുതി പദ്ധതികൾ, ഇരു രാജ്യങ്ങളെയും സ്വാധീനിക്കാൻ ഇടയുള്ള ആഭ്യന്തര പ്രശ്നങ്ങൾ എന്നിവയിലും വിശദമായ ചർച്ച നടക്കും.
വിശ്വസ്തതയുള്ള സുഹൃത്തും, അയൽക്കാരുമായ ഭൂട്ടാനുമായുള്ള അടിയുറച്ച ബന്ധത്തിന് കൂടുതൽ ശക്തി പകരാനാണ് ഈ സന്ദർശനമെന്ന് യാത്രയ്ക്ക് മുന്നോടിയായി മോദി ട്വീറ്റ് ചെയ്തിരുന്നു.