ബീജിങ്ങ്: കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലും (എൽഎസി) മറ്റ് പ്രദേശങ്ങളിലും വിന്യസിച്ചിരുന്ന സൈന്യത്തെ പിരിച്ചുവിടാൻ പീപ്പിൾസ് ലിബറേഷൻ ആർമിയും ഇന്ത്യൻ സർക്കാരും സ്വീകരിച്ച നടപടികൾ ഫലപ്രദമാണെന്നും സ്ഥിതിഗതികൾ സുസ്ഥിരമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ. ചൈനീസ് സൈന്യം എല്ലാ താൽക്കാലിക ഘടനകളും നീക്കം ചെയ്യുകയും ഹോട്ട് സ്പ്രിംഗ്സിലെ സൈറ്റ് പിൻവലിക്കുകയും ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് ചൈനയുടെ പ്രസ്താവന.
അതിർത്തിയിലെ സ്ഥിതിഗതികൾ സുസ്ഥിരവും മെച്ചപ്പെട്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുമെന്നും ഷാവോ അറിയിച്ചു. ചൈന-ഇന്ത്യൻ അതിർത്തിയിലെ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഫോർ വർക്കിങ്ങ് മെക്കാനിസം (ഡബ്ല്യുഎംസിസി) സംബന്ധിച്ച കാര്യങ്ങളും സംഭാഷണത്തിൽ ഉൾപ്പെടും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തിങ്കളാഴ്ച രണ്ടുമണിക്കൂറോളം നടത്തിയ ടെലിഫോണിക് സംഭാഷണത്തിന് ശേഷം മേഖലയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും പിന്മാറാൻ ഇരുപക്ഷവും ധാരണയായിരുന്നു.