മനില: ഫിലിപ്പീൻസിൽ നാശം വിതച്ച ഫാൻഫോൺ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 41 ആയി. 12 പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് കൗൺസിലിന്‍റെ കണക്കനുസരിച്ച് ഡിസംബർ 24 ന് ഉണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് 28 പേർക്ക് പരിക്കേറ്റു. കനത്ത വെള്ളപ്പൊക്കത്തില്‍ ദ്വീപസമൂഹത്തിന്‍റെ മധ്യ പ്രദേശങ്ങളിലെ നിരവധി വീടുകളും തകർന്നു. വിസയാസ് മേഖലയിലെ പനയ്, സമർ ദ്വീപുകളിലാണ് കൂടുതൽ മരണമുണ്ടായത്.
ഫാൻഫോൺ ചുഴലിക്കാറ്റ് 1.6 ദശലക്ഷം ആളുകളെ ബാധിച്ചു. 97,000 ത്തിലധികം പേർ ഇപ്പോൾ താൽക്കാലിക അഭയകേന്ദ്രങ്ങളിലാണ് കഴിയുന്നത്. നിരവധി ബോട്ടുകൾ, 52 ഓളം റോഡുകൾ, രണ്ട് പാലങ്ങൾ എന്നിവയും തകർന്നിട്ടുണ്ട്. മുനിസിപ്പാലിറ്റി പരിധിയില്‍ വൈദ്യുതിയും താറുമാറായി. 2,65,000 വീടുകളും 372 സ്കൂളുകളും 29 ആരോഗ്യ കേന്ദ്രങ്ങളും ഭാഗികമായി തര്‍ന്നു. കൃഷി വകുപ്പിന്‍റെ കണക്കനുസരിച്ച് 43,000 കർഷകരെയും മത്സ്യത്തൊഴിലാളികളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. 46,000 ഹെക്ടറിലധികം നെല്ല് നഷ്ടമായിട്ടുണ്ട്.