ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 251,625 പേര്‍ക്കാണ്. 5266 പേരാണ് പാകിസ്ഥാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 161,917 പേര്‍ രാജ്യത്ത് രോഗവിമുക്തി നേടി. സിന്ധ് പ്രവിശ്യയില്‍ ഇതുവരെ 105,533 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്, പഞ്ചാബ് പ്രവിശ്യയില്‍ 87,043 കേസുകളാണ് സ്ഥിരീകരിച്ചത്. ഈദുല്‍ അദയോടനുബന്ധിച്ച് കൊവിഡ് വ്യാപനം കുറയ്‌ക്കുന്നതിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ നാഷണല്‍ കമാന്‍റ് ആന്‍റ് ഓപ്പറേഷന്‍ സെന്‍ററുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ആദ്യ കൂടിക്കാഴ്‌ച തിങ്കളാഴ്‌ച ലാഹോറില്‍ നടക്കുമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്‌തു.
സിന്ധ് പ്രവിശ്യയിലെ ആളുകളോട് കൊവിഡ് പരിശോധന നടത്തണമെന്നും മറ്റു പ്രവിശ്യകളേക്കാള്‍ ഇരട്ടി കൊവിഡ് പരിശോധന സിന്ധില്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി മുരാഗ് അലി ഷാ വ്യക്തമാക്കി. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ സിന്ധില്‍ ചെയ്യുന്നതിനേക്കാള്‍ കുറവ് പരിശോധനകള്‍ മാത്രമേ നടത്തുന്നുള്ളുവെന്നും സിന്ധിലെ കൊവിഡ് പരിശോധനയില്‍ താന്‍ ഇനിയും തൃപ്‌തനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.