ഇസ്ലാമാബാദ്: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഗൗരവ് അലുവാലിയയുടെ വാഹനത്തെ പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ പിന്തുടര്‍ന്നതായി റിപ്പോർട്ട്. നേരത്തെയും പാകിസ്ഥാനില്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്കെതിരെ സമാനമായ സംഭവങ്ങളുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി മാര്‍ച്ചില്‍ ഇന്ത്യ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ഇത്തരം സംഭവങ്ങള്‍ നയതന്ത്ര ബന്ധങ്ങള്‍ക്കായുള്ള 1961ലെ വിയന്ന കരാറിന്‍റെ ലംഘനമാണ്. ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്‍റെയും സുരക്ഷ പാക് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും ഇന്ത്യ വ്യക്തമാക്കി.
മാര്‍ച്ച് എട്ടിന് നീതിന്യായ കോടതിയില്‍ നിന്നും മടങ്ങുകയായിരുന്ന ഫസ്റ്റ് സെക്രട്ടറിയേയും അതേ ദിവസം തന്നെ നാവിക ഉപദേഷ്ടാവിനെയും പാകിസ്ഥാന്‍ സുരക്ഷാ ഏജന്‍സികള്‍ പിന്തുടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം, ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ രണ്ട് തവണ സുരക്ഷാ ഏജന്‍സികള്‍ പിന്തുടര്‍ന്നു. ഇക്കാര്യങ്ങള്‍ ഇന്ത്യ പാകിസ്ഥാനെ അറിയിക്കുയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.