ഇസ്ലാമാബാദ്: ചൈനയിൽ നിന്ന രണ്ട് ദശലക്ഷം കൊവിഡ് വാക്സിനുകൾ കൂടി പാകിസ്ഥാനിൽ എത്തി. പാകിസ്ഥാൻ ഇന്‍റർനാഷ്ണൽ എയർലൈൻസിന്‍റെ പികെ -6852 എന്ന പ്രത്യേക വിമാനത്തിൽ ആണ് വാക്സിനുകൾ എത്തിച്ചത്. സിനോവാകിന്‍റെ രണ്ട് ദശലക്ഷം ഡോസുകളാണ് ബെയ്ജിംഗിൽ നിന്ന് ഇസ്ലാമാബാദിൽ എത്തിച്ചത്.
ഞായറാഴ്ച 1.55 ദശലക്ഷം സിനോവാക് വാക്സിനുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിൽ എത്തിയിരുന്നു. നാഷണൽ കമാൻഡ് ആൻഡ് ഓപ്പറേഷൻ സെന്‍റർ (എൻസിഒസി)ന്‍റെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ നിന്ന് വാക്സിനുകൾ വാങ്ങുന്നത്. പുതുതായി എത്തിച്ച വാക്സിനുകൾ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
Also Read: 'ജാഗ്രത വേണം'; കൊവിഡ് മൂന്നാം തരംഗം നേരിടാൻ കേന്ദ്രസര്‍ക്കാര്‍
കൂടുതൽ കൊവിഡ് വാക്സിൻ ഡോസുകൾ എത്തിയതോടെ, രാജ്യത്തെ വാക്സിനേഷൻ ഡ്രൈവുകൾ വർധിപ്പിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
രാജ്യത്ത് 24 മണികൂറിനിടെ 930 പുതിയ കൊവിഡ് കേസുകളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ പാകിസ്ഥാനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 950,768 ആയി ഉയർന്നു. 39 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 22,073 ആയി. ചൈന നൽകിയ ഒരു ദശലക്ഷം സിനോഫാം വാക്സിനുകൾ ഉപയോഗിച്ചാണ് പാകിസ്ഥാനിൽ മാർച്ചിൽ വാക്സിനേഷൻ ഡ്രൈവിന് തുടക്കം കുറിച്ചത്.