ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ ആളെ പൊലീസ് സ്റ്റേഷനിൽ കയറി ആക്രമിച്ച് ഗ്രാമവാസികള്‍. ഗോൽറ പൊലീസ് സ്റ്റേഷനിൽ ഡസൻ കണക്കിന് ഗ്രാമവാസികൾ ആക്രമണം നടത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്റ്റേഷന്‍ കാവൽക്കാരെ മറികടന്ന് ഗ്രാമവാസികൾ അകത്ത് പ്രവേശിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരുടെയും സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും (എസ്എച്ച്ഒ) ഓഫീസുകൾ നശിപ്പിക്കുകയും ചെയ്തു.
പൊലീസ് പ്രതിരോധം
പൊലീസുകാരും പ്രതികളും ലോക്കപ്പിനുള്ളില്‍ പ്രവേശിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും, മറ്റ് പൊലീസ് സംഘത്തിന്‍റെ സഹായം തേടുകയും ചെയ്തു. വിവരം ലഭിച്ചതോടെ തീവ്രവാദ വിരുദ്ധ വകുപ്പ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എന്നിവരുൾപ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയതായി പാക്കിസ്ഥാന്‍ മാധ്യമം റിപ്പോർട്ട് ചെയ്തു. ടിയർഗാസ് പ്രയോഗത്തിലൂടെയും ഷെല്ലാക്രമണത്തിലൂടെയും പ്രതിഷേധക്കാരായ ഗ്രാമീണരെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഒഴിപ്പിച്ചത്. എത്ര പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മതനിന്ദ നടത്തിയ കേസില്‍ അറസ്റ്റിലായ ആളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
പാക്കിസ്ഥാന്‍റെ മതനിന്ദ നിയമങ്ങള്‍
പാക്കിസ്ഥാന്‍റെ മതനിന്ദ നിയമങ്ങൾ സാർവത്രികമായി അപലപിക്കപ്പെട്ടിട്ടുള്ളതാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകളെ നിശബ്ദരാക്കാൻ ഈ നിയമങ്ങൾ ദുരുപയോഗിക്കുന്നുണ്ടെന്ന് പലരും ആരോപിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിക്കുന്നവര്‍ക്കെതിരെ വധശിക്ഷ പോലും വിധിക്കാറുണ്ട്. സിവിൽ സൊസൈറ്റി റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഐആർഎഫ് പുറപ്പെടുവിച്ച റിപ്പോർട്ടിൽ മതനിന്ദാ കുറ്റം ചുമത്തി നിരവധി പേർ ജയിലിൽ കിടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. അവരിൽ 35 പേരെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. 82 പേരെ മതനിന്ദാ കുറ്റത്തിന് തടവിലാക്കുകയും 29 പേർക്ക് 2019ൽ മാത്രം വധശിക്ഷ ലഭിക്കുകയും ചെയ്തു.
അപലപിച്ച് യൂറോപ്യൻ പാർലമെന്‍റ്
കഴിഞ്ഞ മാസം യൂറോപ്യൻ പാർലമെന്‍റ് പാകിസ്ഥാൻ സർക്കാരിനോട് രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമങ്ങളും വിവേചനവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനിൽ നിലവിലുള്ള ഫ്രഞ്ച് വിരുദ്ധ വികാരത്തെക്കുറിച്ചും യൂറോപ്യന്‍ പാര്‍ലമെന്‍റ് അതീവ ആശങ്ക പ്രകടിപ്പിച്ചു.