ഇസ്ലാമാബാദ്: കൊറോണ വൈറസ് ബാധിച്ച വുഹാൻ നഗരത്തിൽ കുടുങ്ങിയ പാക് പൗരന്മാരെ തിരിച്ചയക്കേണ്ടതില്ലെന്ന് പാകിസ്ഥാൻ സർക്കാർ. ചൈനയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് നടപടിയിലൂടെ ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ആരോഗ്യ സെക്രട്ടറി സഫർ മിശ്ര അറിയിച്ചു.
"ചൈനയിൽ തുടരാമെന്നുള്ളത് ജനങ്ങളുടെ തീരുമാനമാണ്. എല്ലാ പ്രതിസന്ധികളിലും ചൈനക്കൊപ്പം നിൽക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
ചൈനയിൽ താമസിക്കുന്ന പാകിസ്ഥാനികളിൽ വലിയൊരു പങ്കും വുഹാനിലാണുള്ളത്. നാല് പാകിസ്ഥാൻ വിദ്യാർഥികൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്നും ബുധനാഴ്ച മിർസ അറിയിച്ചിരുന്നു. എന്നാൽ, വിദ്യാർഥികളെ തിരിച്ചു വിളിക്കുന്നത് വൈറസ് കൂടുതൽ വ്യാപിക്കാൻ കാരണമാകുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ചൈനയിൽ 7711 കേസുകൾ സ്ഥിരീകരിച്ചതായും 170 പേർ വൈറസ് ബാധിച്ച് മരിച്ചതായും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇന്ത്യ, കാനഡ, അമേരിക്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്ന് ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു. ചൈനയിൽ നിന്ന് വരുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ ആരോഗ്യ ക്യാമ്പുകളും സ്ഥാപിച്ചിട്ടുണ്ട്.