ഇസ്‌ലാമാബാദ്: കൊവിഡ് 19 പകർച്ചവ്യാധി മൂലം രണ്ടുമാസം നീണ്ടുനിന്ന ലോക്ക് ഡൗണിന് ശേഷം ശനിയാഴ്ച മുതൽ പാകിസ്ഥാനിൽ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഗുലാം സർവർ ഖാൻ. ആളുകളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് ദേശീയ കമാൻഡ് ആൻഡ് ഓപ്പറേഷൻ സെന്‍റർ (എൻസിഒസി) യോഗത്തിനിടെ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കറാച്ചി, ലാഹോർ, ഇസ്‌ലാമാബാദ്, പെഷവാർ, ക്വറ്റ എന്നീ അഞ്ച് നഗരങ്ങൾക്കിടയിൽ വിമാന സർവീസ് പുനരാരംഭിക്കാൻ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിനെയും (പിഐഎ) സെറീൻ എയറിനെയും മാത്രമേ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
20 ശതമാനം സർവീസുകൾ നടത്തുകയും വിമാനങ്ങളിലെ സീറ്റ് ഒക്യുപൻസി 50 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിൽ കയറുന്നതിന് മുമ്പ് ശരീര താപനില പരിശോധിക്കുമെന്നും ഖാൻ കൂട്ടിച്ചേർത്തു. ബോർഡിംഗിന് മുമ്പായി ഓരോ യാത്രക്കാരനും ഒരു ആരോഗ്യ പ്രഖ്യാപന ഫോം പൂരിപ്പിക്കേണ്ടതുണ്ട്. അതിൽ കഴിഞ്ഞ രണ്ടാഴ്ചയായി അവരുടെ യാത്രാ ചരിത്രം, നിലവിലെ ആരോഗ്യസ്ഥിതി, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിക്കാനുള്ള ഒരു പദ്ധതി എന്നിവ ഉൾപ്പെടുന്നു. പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (പിസിഎഎ) വിജ്ഞാപനം അനുസരിച്ച് എല്ലാ വിമാനത്താവളങ്ങളിൽ നിന്നും സ്വകാര്യ വിമാനങ്ങളും ചരക്ക് വിമാനങ്ങളും പ്രവർത്തിക്കാൻ അനുവദിക്കും. മാർച്ച് 21 മുതൽ എല്ലാത്തരം ആഭ്യന്തര ഷെഡ്യൂൾ ചെയ്തതും ഷെഡ്യൂൾ ചെയാത്തതുമായ ചാർട്ടേഡ്, സ്വകാര്യ, പാസഞ്ചർ വിമാനങ്ങളുടെ പ്രവർത്തനം സർക്കാർ താൽക്കാലികമായി നിർത്തിവച്ചിരുന്നു.