ഇസ്ലാമാബാദ്: മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിനെതിരെ പാകിസ്ഥാന്‍. നിലപാട് ഏകപക്ഷിയമാണെന്നും യു.എസ് റിപ്പോര്‍ട്ട് നിരസിക്കുന്നതായും പാകിസ്ഥാന്‍ അറിയിച്ചു. ഈ മാസം 20ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഭരണഘടനയുടെ കീഴില്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് പൂര്‍ണ മതസ്വാതന്ത്ര്യം രാജ്യം ഉറപ്പാക്കുന്നുണ്ട്. എല്ലാ ജനങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താറുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകേണ്ടതാണ്. ആശങ്കകള്‍ പരിഹരിക്കാന്‍ പരസ്പര സഹകരണം ആവശ്യമാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഇസ്ലോമോഫോബിയ കൂടിവരുന്നതായും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടി. യു.എസിന്‍റെ പ്രത്യേക നിരീക്ഷണ പട്ടികയിൽ പാക്കിസ്ഥാനെ കൂടാതെ ചൈന, ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളും ഇടംപിടിച്ചിട്ടുണ്ട്.