ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജ്യത്തെ ശക്തമായ ചാര ഏജൻസിയായ ഇന്‍റർ സർവീസസ് ഇന്‍റ ലിജൻസിന്‍റെ (ഐ.എസ്.ഐ) ആസ്ഥാനം സന്ദർശിച്ചു. സന്ദർശന വേളയിൽ പ്രാദേശിക, ദേശീയ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് അധികൃതരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതായി പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദേശീയ സുരക്ഷക്കായി ഐഎസ്‌ഐ നടത്തിയ ശ്രമങ്ങളെ പ്രധാനമന്തി അഭിനന്ദിക്കുകയും തയ്യാറെടുപ്പുകളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അധികാരമേറ്റതു മുതൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഐ.എസ്.ഐ ആസ്ഥാനം സന്ദർശിക്കാറുണ്ട്. പ്രധാനമന്ത്രിയായി ഒരു മാസത്തിനുള്ളിൽ 2018 സെപ്റ്റംബർ 12 നാണ് അദ്ദേഹം ആദ്യ സന്ദർശനം നടത്തിയത്. പാക്കിസ്ഥാന്‍റെ ശക്തമായ ചാര ഏജൻസിയാണ് ഐ.എസ്.ഐ.
വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി, പ്ലാനിങ് മന്ത്രി ആസാദ് ഉമർ, കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ, ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ജനറൽ നദീം റാസ, എയർ ചീഫ് മാർഷൽ മുജാഹിദ് അൻവർ ഖാൻ, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ മുഹമ്മദ് അംജദ് ഖാൻ നിയാസി, ചീഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനന്‍റ് ജനറൽ സാഹിർ ഷംഷാദ് മിർസ. ഐഎസ്‌ഐ മേധാവി ലഫ്റ്റനന്‍റ് ജനറൽ ഫൈസ് ഹമീദ് എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.