ഇസ്ലാമാബാദ്: ലാൻഡിങ്ങിന് മുമ്പുള്ള മുന്നറിയിപ്പ് പൈലറ്റ് അവഗണിച്ചതാണ് കറാച്ചി അകടത്തിന് കാരണമെന്ന് വ്യോമ ഗതാഗത നിയന്ത്രണ വിഭാഗം . ലാൻഡ് ചെയ്യാറാകുമ്പോൾ വിമാനത്തിന്‍റെ ഉയരവും വേഗതയും കുറക്കാൻ മുന്നറിയിപ്പുകൾ നൽകും. എന്നാൽ പൈലറ്റ് മുന്നറിയിപ്പുകൾ നിരസിച്ചു. ലാഹോറിൽ നിന്ന് കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 2.30 നാണ് വിമാനം ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. വ്യോമ ഗതാഗത നിയന്ത്രണം പൈലറ്റിന് ആദ്യ മുന്നറിയിപ്പ് നൽകിയപ്പോൾ വിമാനത്താവളത്തിൽ നിന്ന് 15 നോട്ടിക്കൽ മൈൽ അകലെയുള്ള വിമാനം 7,000 അടിക്ക് പകരം 10,000 അടി ഉയരത്തിലാണ് നിന്നത്. എന്നാൽ ഉയരം കുറയ്ക്കുന്നതിനുപകരം, തനിക്ക് സംതൃപ്‌തിയുണ്ടെന്നാണ് പൈലറ്റ് പ്രതികരിച്ചത്. വിമാനത്തിന്‍റെ ഉയരം കുറക്കാൻ രണ്ടാമത്തെ മുന്നറിയിപ്പ് നൽകിയപ്പോഴും സാഹചര്യം കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും, ലാൻഡ് ചെയ്യാൻ പോകുകയാണെന്നും പൈലറ്റ് മറുപടി നൽകി.
ലാൻഡ് ചെയ്യാനുള്ള പൈലറ്റിന്‍റെ ആദ്യ ശ്രമത്തിൽ വിമാനത്തിന്‍റെ എഞ്ചിനുകൾ റൺവേയിൽ മൂന്നു തവണ തെന്നിനീങ്ങി. ഇത് തീപ്പൊരിയുണ്ടാകാൻ കാരണമായതായി പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (പിസിഎഎ) തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കറാച്ചിയിലെ ജനവാസ കേന്ദ്രത്തിൽ വിമാനം തകർന്ന് വീണ് ഏകദേശം 97 പേരാണ് കൊല്ലപ്പെട്ടത്. 91 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.