ഇസ്ലാമാബാദ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ താഴേക്ക് പോയി പാക് പാസ്‌പോര്‍ട്ട്. വിഖ്യാതമായ ഹെൻലി പാസ്പോർട്ട് ഇൻഡക്‌സാണ് 2020ലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്തിറക്കിയത്. അതില്‍ അവസാന സ്ഥാനങ്ങളില്‍ ഇടം നേടി, മോശം പാസ്പോര്‍ട്ടുകളുടെ കൂട്ടത്തിലായിരിക്കുകയാണ് പാക് പാസ്പോര്‍ട്ട്. പട്ടികയില്‍ 104-ാം സ്ഥാനത്താണ് പാകിസ്ഥാൻ. സിറിയ (105), ഇറാൻ (106), അഫ്‌ഗാനിസ്ഥാൻ (107) എന്നീ രാജ്യങ്ങൾ മാത്രമാണ് പട്ടികയില്‍ പാകിസ്ഥാന് പിന്നിലുള്ളത്.
ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ഡാറ്റ പ്രകാരമാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്‌സ് തയ്യാറാക്കിയിരിക്കുന്നത്. മുൻകൂട്ടിയുള്ള വിസ കൂടാതെ പാസ്പോർട്ട് മാത്രം ഉപയോഗിച്ച് കൂടുതൽ രാജ്യങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി അടിസ്ഥാനമാക്കിയാണ് പാസ്പോർട്ടിന്‍റെ റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്. പാകിസ്ഥാൻ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 32 രാജ്യങ്ങളില്‍ വിസ കൂടാതെ പ്രവേശിക്കാനാവും.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി ജപ്പാനാണ് പട്ടികയില്‍ ഒന്നാമത്. സിംഗപ്പൂർ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ദക്ഷിണ കൊറിയയും ജർമ്മനിയും മൂന്നാം സ്ഥാനം പങ്കിട്ടു. ഫിൻലൻഡ്, സ്പെയിൻ, ലക്സംബർഗ്, ഡെൻമാർക്ക്, സ്വീഡൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. പട്ടികയിൽ 84-ാം സ്ഥാനത്താണ് ഇന്ത്യ.