ഇസ്ലാമബാദ്: ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സഹായവാഗ്‌ദാനവുമായി പാകിസ്ഥാൻ. രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് രംഗത്തെത്തിയത്. വെന്‍റിലേറ്ററുകൾ, ബൈ-പാപ്, ഡിജിറ്റൽ എക്സ്-റേ ഉപകരണങ്ങൾ, പിപിഇ കിറ്റുകൾ എന്നിവ സഹായമായി എത്തിക്കാമെന്നാണ് പാക് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്.
രാജ്യത്തേക്ക് എത്രയും പെട്ടന്ന് ഇവ എത്തിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങാമെന്ന് വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് പറഞ്ഞു. പകർച്ചവ്യാധി മുന്നോട്ടുവെക്കുന്ന കൂടുതൽ വെല്ലുവിളികൾ ഒന്നിച്ച് നേരിടാനുള്ള നീക്കങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യക്ക് സഹായവാഗ്‌ദാനവുമായി രംഗത്തെത്തിയിരുന്നു. അയൽ രാജ്യമായ ഇന്ത്യയിലും ലോകത്താകമാനവും കൊവിഡ് കാരണം ദുരിതം അനുഭവിക്കുന്ന എല്ലാവരും എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നും ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.