ഇസ്ലാമാബാദ്: രാജ്യത്തെ വിവിധ ജില്ലകളിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്തി പാകിസ്ഥാൻ സർക്കാർ. കൊവിഡ് പോസിറ്റീവ് നിരക്ക് എട്ട് ശതമാനത്തിന് മുകളിലുള്ള ജില്ലകളിലും നഗരങ്ങളിലുമാണ് വിവാഹ ചടങ്ങുകൾക്കും മറ്റ് സമ്മേളനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയത്.
കൊവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ആള്‍ക്കൂട്ടങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, കായിക സമ്മേളനങ്ങളും ഉൾപ്പെടുന്നു. പാക്കിസ്ഥാൻ ഫെഡറൽ ആസൂത്രണ വികസന മന്ത്രി ആസാദ് ഉമർ അധ്യക്ഷനായി ചേര്‍ന്ന യോഗത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.
അതേസമയം കൊവിഡിനെതിരായ എല്ലാ മുൻകരുതലുകളും തുടരണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 4,767 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും വൈറസ് ബാധിച്ച് 57 മരിക്കുകയും ചെയ്തു. പാകിസ്ഥാനിൽ തുടർച്ചയായ മൂന്നാം ദിവസമാണ് 4,000ത്തിൽ അധികം പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്.