ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതായി ലോക മാധ്യമങ്ങള്‍. പാകിസ്താന്‍ വീണ്ടുമൊരു പട്ടാള അട്ടിമറിയിലേക്ക് നീങ്ങുന്നതായാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. രാജ്യത്തെ വ്യവസായികളുമായി പാക് സൈനിക തലവന്‍ ഖമര്‍ ജാവേദ് ബജ്വ നടത്തിയ കൂടിക്കാഴ്ചയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയാതെയാണ് ബജ്വ വ്യവസായികളുമായി ചര്‍ച്ച നടത്തിയത്.
കരസേനയിലെ 111ാം ബ്രിഗേഡിലെ ജവാന്മാരോട് അവധി ഒഴിവാക്കി തിരിച്ചെത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടേതടക്കം സുരക്ഷാ ചുമതല വഹിക്കുന്ന സൈനിക വിഭാഗമാണ് 111ാം ബ്രിഗേഡ്. പാകിസ്ഥാനില്‍ നടന്ന നാല് പട്ടാള അട്ടിമറികളില്‍ രണ്ടെണ്ണത്തിലും 111ാം ബ്രിഗേഡിലെ പട്ടാളക്കാരുടെ പങ്കാളിത്തം നിര്‍ണായകമായിരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1958, 1969, 1977, 1999 വര്‍ഷങ്ങളിലാണ് രാജ്യത്ത് പട്ടാള അട്ടിമറികള്‍ നടന്നത്. 2018 ലെ തെരഞ്ഞെടുപ്പില്‍ പട്ടാളത്തിന്‍റ പിന്തുണയാണ് ഇമ്രാന്‍ ഖാനെ വിജയിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങളില്‍ ഇമ്രാന്‍ ഖാന്‍ സ്വീകരിച്ച നിലപാടുകളെ തുടര്‍ന്ന് പട്ടാളത്തിന് സര്‍ക്കാരിനോട് കടുത്ത അതൃപ്തി നിലനില്‍ക്കുന്നതായാണ് വിവരം. ജമ്മു കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ നേടുന്നതിലെ പരാജയവും രാജ്യത്തെ സാമ്പത്തിക സ്ഥിത് തകര്‍ന്നതും അതൃപ്തി വര്‍ധിപ്പിച്ചതായി പറയുന്നു.
ആഭ്യന്തര സുരക്ഷ വര്‍ധിച്ചതും ഇത് രാജ്യത്തെ വ്യവസായ സൗഹൃദമാക്കിയതും അടക്കമുള്ള വിഷയങ്ങളാണ് ഖമര്‍ ജാവേദ് ബജ്വ വ്യവസായികളുമായി ചര്‍ച്ച ചെയ്തതെന്നാണ് സൈന്യത്തിന്‍റെ നിലപാട്. 'സുരക്ഷയുടെയും സമ്പത്തിന്‍റെയും പാരസ്പര്യം' എന്ന വിഷയത്തില്‍ റാവല്‍പിണ്ടിയിലെ ആര്‍മി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറിന്‍റെ ഭാഗമായാണ് ബജ്വ രാജ്യത്തെ പ്രധാനപ്പെട്ട വ്യവസായികളുമായി ചര്‍ച്ച നടത്തിയതെന്ന് സൈന്യം അറിയിച്ചു.