ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്ഥാനുമായുള്ള അതിർത്തിയിലെ നിയന്ത്രണങ്ങൾ ഇന്ന് മുതൽ താൽക്കാലികമായി നീക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചു. ഇതോടെ പാകിസ്ഥാനിൽ കുടുങ്ങിയ അഫ്‌ഗാൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. ടോർഖാം, ചമൻ അതിർത്തികളാണ് ഇന്ന് മുതൽ നാല് ദിവസത്തേക്ക് തുറക്കുന്നത്. അഫ്‌ഗാൻ സർക്കാരിന്‍റെ അഭ്യർഥന പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് അറിയിച്ചു.
അഫ്‌ഗാനിസ്ഥാനിൽ നിന്ന് തിരിച്ചുവരുന്ന പാകിസ്ഥാനികൾക്ക് ചമൻ അതിർത്തിക്ക് സമീപം നിരീക്ഷണത്തിന് സൗകര്യമൊരുക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചു. അതിർത്തി നഗരമായ സ്‌പിൻ ബോൾഡാക്കിൽ അഫ്‌ഗാൻ പൗരന്മാർക്ക് നിരീക്ഷണത്തിന് സൗകര്യമൊരുക്കുമെന്ന് അഫ്‌ഗാൻ സർക്കാരും അറിയിച്ചു. ഒരേ സമയം 900ത്തോളം പേരെ നിരീക്ഷിക്കാൻ ക്യാമ്പിൽ സൗകര്യമുണ്ടെന്ന് ചമൻ ഭരണകൂടത്തിന്‍റെ മുതിർന്ന ഉദ്യോഗസ്ഥൻ സകൗല്ല ദുരാനി അറിയിച്ചു. അതേസമയം, പാകിസ്ഥാനിൽ 3,278 ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 50 പേർ മരിച്ചു. അഫ്‌ഗാനിസ്ഥാനിൽ 367 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴ് പേർ മരിക്കുകയും ചെയ്‌തു.