മൈറ്റ്കിന: തോക്കും പടച്ചട്ടയുമേന്തിയ മ്യാന്മര്‍ സൈന്യത്തിനു മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ശുഭ്രവസ്ത്രധാരിയായ ഒരു കന്യാസ്ത്രീയയുടെ ചിത്രമാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചയാവുന്നത്. കുട്ടികളെ വെറുതെ വിടണമെന്നും പകരം തന്‍റെ ജീവനെടുത്തോളൂ എന്നും പറയുന്ന സിസ്റ്റര്‍ ആൻ റോസ് നു തൗങ് ആണ് ചിത്രത്തിലുള്ളത്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനായി സൈന്യം എത്തുമ്പോള്‍ അവരുടെ രക്ഷയ്ക്കായി സൈനികര്‍ക്കു മുന്നിൽ വെറുംകയ്യോടെ മുട്ടുകുത്തുന്ന കന്യാസ്ത്രീക്ക് കൈയടിക്കുകയാണ് സൈബര്‍ ലോകം. ഞാൻ മുട്ടുകുത്തി നിന്നു. കുട്ടികളെ ഉപദ്രവിക്കരുതെന്നും വെടിവെക്കരുതെന്നും പറഞ്ഞു. പകരം എന്നെ കൊന്നോളാൻ പറഞ്ഞു എന്ന് സിസ്റ്റര്‍ ഒരു വാര്‍ത്താ ഏജൻസിയോട് പറഞ്ഞു.
ഫെബ്രുവരി ഒന്നിനാണ് ആങ് സാൻ സ്യൂകി സര്‍ക്കാരിനെ അട്ടിമറിച്ച് മ്യാന്മറിൽ പട്ടാളം ഭരണം പിടിച്ചെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചതിനെതിരെ രാജ്യത്ത് വൻ പ്രതിഷേധം തുടരുകയാണ്. സൈന്യത്തെ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിൽ ഇതിനോടകം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്കടക്കം രാജ്യത്ത് സൈന്യം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
മ്യാന്മറിലെ കച്ചിൻ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ മ്യാറ്റ്കിനയിലും വൻ പ്രതിഷേധമാണ് നടന്നത്. സ്വയം നിര്‍മിച്ച ആയുധങ്ങളുമായാണ് പൊതുജനങ്ങള്‍ സൈന്യത്തെ നേരിട്ടത്. എന്നാൽ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം ആയുധങ്ങളുമായി അടുത്തതോടെ മറ്റു രണ്ട് കന്യാസ്ത്രീകളോടൊപ്പം സിസ്റ്റര്‍ ആൻ റോസ് സൈനികരെ തടയാനായി എത്തുകയായിരുന്നു.
സൈന്യം അവരെ അറസ്റ്റ് ചെയ്യാനായി വരികയായിരുന്നു. ഞാൻ കുട്ടികളെക്കുറിച്ച് ഓര്‍ത്താണ് ഭയപ്പെട്ടത്." സിസ്റ്റര്‍ പറഞ്ഞു. സൈന്യത്തിന്‍റെ കാൽക്കൽ വീഴുകയല്ലാതെ 45കാരിയായ കന്യാസ്ത്രീയ്ക്ക് മറ്റു വഴിയില്ലായിരുന്നു. എന്നാൽ നിമിഷങ്ങള്‍ക്കു ശേഷം സൈന്യം ജനക്കൂട്ടത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുന്നതാണ് കണ്ടതെന്ന് അവര്‍ പറഞ്ഞു. കുട്ടികള്‍ ഭയപ്പെട്ട് മുൻപോട്ട് ഓടി. "എനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കുട്ടികളെ രക്ഷിക്കണമെന്ന് ദൈവത്തോടു പ്രാര്‍ഥിക്കുകയായിരുന്നു." സിസ്റ്റര്‍ ആൻ റോസ് പറഞ്ഞു.
തലയിൽ വെടിയേറ്റ ഒരാള്‍ മരിച്ചു വീഴുന്നതാണ് ആദ്യം കണ്ടത്. തുടര്‍ന്ന് കണ്ണീര്‍ വാതകത്തിന്‍റെ മണമെത്തി. ലോകം തകരുകയാണെന്ന് തോന്നിയെന്നാണ് കന്യാസ്ത്രീ പറഞ്ഞത്. താൻ അവരോടു യാചിക്കുമ്പോഴും ഒര് ജീവന്‍ നഷ്ടപ്പെട്ടതിലാണ് സിസ്റ്റര്‍ക്ക് വിഷമം.
ഇതാദ്യമായല്ല സിസ്റ്റര്‍ ആൻ റോസ് സൈന്യത്തിനു മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിനിടയിൽ സൈനികര്‍ക്കരികിലെത്തി സിസ്റ്റര്‍ മുട്ടുകുത്തി യാചിച്ചിരുന്നു. അന്നു തന്നെ താൻ മരിച്ചിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് സിസ്റ്റര്‍ പറഞ്ഞു. ഇതിനു ശേഷമാണ് സൈന്യത്തിനെതിരെ നിലപാട് കടുപ്പിച്ചത്. തിങ്കളാഴ്ച മറ്റു രണ്ട് കന്യാസ്ത്രീകളും ഒരു ബിഷപ്പും സിസ്റ്റര്‍ക്കൊപ്പം ചേര്‍ന്നു. ഭയമുണ്ടെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി ഇനിയും രംഗത്തിറങ്ങുമെന്നു തന്നെയാണ് സിസ്റ്റര്‍ പറയുന്നത്.