ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു. സ്ഥിരമായ വർധനവ് കൊവിഡിന്‍റെ രണ്ടാം തരംഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 326,602 ആയി ഉയരുകയും മൂന്ന് പേർ മരിച്ചതോടെ ആകെ കൊവിഡ് മരണം 6,739 ആയി. നിലവിൽ രാജ്യത്ത് 10,788 കൊവിഡ് രോഗികളാണുള്ളത്.
സെപ്റ്റംബറിൽ 6,000ൽ താഴെയായിരുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായാണ് വർധനവുണ്ടായത്. ഓഗസ്റ്റ് 31ന് കൊവിഡ് നിരക്ക് 1.28 ആയി കുറഞ്ഞെങ്കിലും ഇപ്പോൾ 2.78 ആയി. സിന്ധ്(143,836), പഞ്ചാബ്(102,875), ഖൈബർ-പഖ്‌തുൻഖ്വ(39,043), ഇസ്ലാമാബാദ് (19,012), ബലൂചിസ്ഥാൻ (15,819), ഗിൽഗിത്-ബാൾട്ടിസ്ഥാൻ (4,180), പാകിസ്ഥാൻ അധിനിവേശ കശ്മീർ (3,846) എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വരാനിരിക്കുന്ന ശൈത്യകാലത്ത് കൊറോണ വൈറസിന്‍റെ രണ്ടാം തരംഗത്തിന്‍റെ ഭീഷണി ഒഴിവാക്കുന്നതിനായി ജനങ്ങൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.