സോൾ : അമേരിക്കയുമായുള്ള ആണവ ചർച്ചകളിൽ നീണ്ട മരവിപ്പ് നിലനിൽക്കെ, ആയുധ പരീക്ഷണങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിന്‍റെ സമീപപ്രദേശത്ത് നിന്ന് വിക്ഷേപിച്ച മിസൈൽ, 560 കിലോമീറ്റർ ഉയരത്തിൽ പറന്ന് പെനിൻസുലയ്ക്കും ജപ്പാനും ഇടയിൽ സമുദ്രത്തിൽ പതിച്ചതായി ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് വിശദീകരിച്ചു.
യുഎസിലെയും ദക്ഷിണ കൊറിയയിലെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിക്ഷേപണം സൂക്ഷ്‌മമായി വിശകലനം ചെയ്‌തതായും അധികൃതര്‍ അറിയിച്ചു. യുക്രൈനിൽ റഷ്യൻ അധിനിവേശം നടക്കവേയാണ് ഉത്തരകൊറിയയുടെ നിരന്തര മിസൈൽ പരീക്ഷണം.
2022ൽ ഉത്തരകൊറിയയുടെ ഒമ്പതാം റൗണ്ട് ആയുധ പരീക്ഷണമായിരുന്നു ഇത്. ഇളവുകൾക്കായി ബൈഡൻ ഭരണകൂടത്തെ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നതിനിടയിലും, തങ്ങളുടെ സൈനിക ശേഷി വിപുലീകരിക്കുന്നതിന് നയതന്ത്രത്തിൽ താൽക്കാലിക ഇടവേള നൽകുന്നത് ഉത്തരകൊറിയ തുടരുകയാണ്. ഇതിന്‍റെ ഭാഗമായാണ് വിക്ഷേപണം.
ALSO READ:യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
സമാനമായി മറ്റൊരു വിക്ഷേപണം പ്യോങ്‌യാങ്ങിനടുത്തുള്ള സുനൻ പ്രദേശത്ത് ഉത്തരകൊറിയ കഴിഞ്ഞ ഞായറാഴ്‌ചയും നടത്തിയിരുന്നു. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചാര ഉപഗ്രഹത്തിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ക്യാമറ സംവിധാനം പരീക്ഷിക്കുന്നതിനാണ് കഴിഞ്ഞയാഴ്‌ച വിക്ഷേപണം നടത്തിയതെന്ന് ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയ അറിയിച്ചിരുന്നു.
ഈ വർഷം ഉത്തരകൊറിയ നടത്താനിരിക്കുന്ന മറ്റ് പരീക്ഷണങ്ങളിൽ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപണവും, പസഫിക്കിലെ പ്രധാന യുഎസ് സൈനിക കേന്ദ്രമായ ഗുവാമിൽ എത്താൻ സാധ്യതയുള്ള ഒരു ഇന്‍റർമീഡിയറ്റ് റേഞ്ച് മിസൈലിന്‍റെ 2017ന് ശേഷമുള്ള ആദ്യ വിക്ഷേപണവും ഉൾപ്പെടുന്നു.