സിയോള്‍: പുതുതായി വികസിപ്പിച്ച ദീർഘദൂര ക്രൂയിസ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ. അമേരിക്കയുമായുള്ള ആണവ ചർച്ച പ്രതിസന്ധിയില്‍ തുടരുന്നതിനിടെയാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. മാർച്ചിൽ രണ്ട് ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതിന് ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്.
രണ്ട് വർഷമായി വികസിപ്പിച്ചുകൊണ്ടിരുന്ന ക്രൂയിസ് മിസൈലുകളാണ് പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തിയ ഫ്ലൈറ്റ് ടെസ്റ്റുകളിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് മിസൈലുകള്‍ 1,500 കിലോമീറ്റർ (932 മൈൽ) ദൂരം മറികടന്നുവെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പറയുന്നു. എന്നാല്‍ ദക്ഷിണ കൊറിയൻ സൈന്യം ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല.
ആണവ പ്രതിരോധം ശക്‌തിപ്പെടും-കിം ജോങ് ഉന്‍
ജനുവരിയിൽ ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ കോൺഗ്രസിനിടെ യുഎസ് ഉപരോധങ്ങളും സമ്മർദങ്ങളും കണക്കിലെടുത്ത് ആണവ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്‍ പറഞ്ഞിരുന്നു.
2019ൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ ആണവ പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് അമേരിക്കയും ഉപരോധങ്ങൾ ഒഴിവാക്കണമെന്ന് ഉത്തര കൊറിയയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഇരു രാജ്യങ്ങളും വിസമ്മതിക്കുകയും തങ്ങളുടെ നിലപാടില്‍ തുടരുകയും ചെയ്‌തതോടെയാണ് അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ നിര്‍ത്തി വച്ചത്.
ചർച്ചകള്‍ നടത്താമെന്ന് ബൈഡന്‍ ഭരണകൂടം അറിയിച്ചെങ്കിലും അമേരിക്ക ആദ്യം ശത്രുതാപരമായ നയങ്ങൾ ഉപേക്ഷിക്കണമെന്ന് പറഞ്ഞ ഉത്തര കൊറിയ പ്രകോപനത്തിന്‍റെ ഭാഗമായി മിസൈല്‍ പരീക്ഷണം തുടരുകയാണ്. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായി ചുമതലയേറ്റപ്പോഴും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.
Read more: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ