ഇസ്ലാമാബാദ്: കുൽഭൂഷൻ ജാദവിന്‍റെ വിഷയത്തിൽ സമവായത്തിനില്ലെന്നും പാകിസ്ഥാൻ നിയമങ്ങൾക്ക് അനുസൃതമായിരിക്കും തീരുമാനങ്ങളെന്നും പാകിസ്ഥാൻ. കേസില്‍ എല്ലാ തീരുമാനങ്ങളും പാകിസ്ഥാൻ നിയമങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ മാനിക്കുമെന്നും വാർത്താസമ്മേളനത്തിൽ സംസാരിക്കവേ പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.
ജാദവിന് പാക് സിവിലിയന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശം ലഭ്യമാക്കുന്നതിന് പാകിസ്താന്‍ കരസേന നിയമത്തില്‍ ഭേദഗതി വരുത്തുകയാണെന്ന് പാക് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാക് അധീന കശ്മീരില്‍ നിന്ന് 2016 മാർച്ച് 3-ന് പിടികൂടിയെന്ന് പാകിസ്താന്‍ വാദിക്കുന്ന കൂല്‍ഭൂഷനെതിരെ ഭീകരപ്രവര്‍ത്തനം, ചാരവൃത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി പാക് സൈനിക കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. 2017ലാണ് ജാദവിനെതിരെയുള്ള സൈനിക കോടതിയുടെ വിധി പുറത്തുവരുന്നത്.
ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുമതി നല്‍കണമെന്നും വധശിക്ഷ പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയാണ് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്ന് ഇന്ത്യക്ക് അനുകുലമായ വിധി വന്നിരുന്നു. അതേ സമയം ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറാനിലേക്ക് പോയ ജാദവിനെ ബലൂചിസ്‌ഥാനില്‍ നിന്ന് പാകിസ്‌താന്‍ തട്ടിക്കൊണ്ടുപോയെന്നാണ് ഇന്ത്യയുടെ വാദം.