ന്യൂഡല്‍ഹി: പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ ഉപയോഗിച്ച് പഞ്ചാബിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഖാലിസ്ഥാൻ സിന്ദാബാദ് സേനയിലെ രണ്ട് തീവ്രവാദികൾക്കെതിരെ മൊഹാലിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
നിലവിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജമ്മുവിലെ ആർ.എസ് പുര നിവാസിയായ രഞ്ജിത് സിംഗ് നീതയ്ക്കും ഇപ്പോൾ ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ഗുർമീത് സിംഗ് എന്ന ബഗ്ഗയ്ക്കും എതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് എൻഐഎ വക്താവ് പറഞ്ഞു.
ആയുധങ്ങൾ, വെടിമരുന്ന്, സ്‌ഫോടക വസ്തുക്കൾ, ആശയ വിനിമയ ഉപകരണങ്ങൾ, വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ (എഫ്‌ഐസിഎൻ) എന്നിവ കഴിഞ്ഞ സെപ്റ്റംബറിൽ പഞ്ചാബിലെ ചോള സാഹിബിലെ ഇന്ത്യൻ പ്രദേശത്ത് ആളില്ലാ വിമാനങ്ങള്‍, പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ എന്നിവ ഉപേക്ഷിച്ചതാണ് കേസ്. എന്‍ഐഎ കേസ് ഏറ്റെടുത്തിട്ടുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾക്കായി പഞ്ചാബിൽ നിന്ന് ചിലരെ റിക്രൂട്ട് ചെയ്യാൻ ഇരുവർക്കും കഴിഞ്ഞതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ കേസിൽ ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.