വെല്ലിംഗ്‌ടണ്‍: മൂന്ന് മാസത്തിന് ശേഷം ന്യൂസിലാന്‍റിൽ 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 30 ആയി. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലാൻഡിന് പുറത്തേക്കും പുതിയതായി രോഗം റിപ്പോർട്ട് ചെയ്തു. ഓക്ക്‌ലാൻഡിൽ മൂന്ന് ദിവസം ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടുമോയെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ പിന്നീട് പ്രഖ്യാപിക്കും. 102 ദിവസമായി ന്യൂസിലാന്‍റിൽ സാമൂഹിക വ്യാപന കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മറ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരിൽ നിന്നുമാകാം വൈറസ് ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡയറക്ടർ ജനറൽ ആഷ്‌ലി ബ്ലൂംഫീൽഡ് പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരിൽ പലരും ഓക്ക്‌ലാൻഡിലെ മൗണ്ട് വെല്ലിംഗ്ടണിലെ അമേരിക്കൻ ഭക്ഷ്യ സംഭരണ കേന്ദ്രത്തിൽ ജോലി ചെയ്യുന്നവരാണ്. വ്യാഴാഴ്ച 15,000 ത്തിലധികം സാമ്പിളുകൾ പരിശോധിച്ചു.