വെല്ലിങ്‌ടണ്‍: ന്യൂസിലൻഡിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു. കഴിഞ്ഞ 17 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ കൊവിഡ് രോഗികളില്ലാത്ത രാജ്യമായി മാറിയിരിക്കുകയാണ് ന്യൂസിലൻഡ്.
ജസീന്ത ആർഡെർ എന്ന പ്രധാനമന്ത്രിയുടെ വിജയമായാണ് ന്യൂസിലൻഡ് ജനത ഈ വാർത്തയെ കാണുന്നത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടയുടനെ തന്നെ കർശന ലോക്ക് ഡൗണാണ് ന്യൂസിലൻഡിൽ ഏർപ്പെടുത്തിയിരുന്നത്. കൊവിഡിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ തിങ്കളാഴ്ച അർധരാത്രിയോടെ പ്രധാനമന്ത്രി പ്രഖ്യാപിക്കും. നാല് ഘട്ടമായി പിൻവലിച്ചിരുന്ന നിയന്ത്രണങ്ങളിൽ അവസാന ഘട്ടമായിരിക്കും ഇനി പിൻവലിക്കാൻ പോകുന്നതെന്നാണ് പ്രതീക്ഷ.
ലോകമെങ്ങും കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ അതിർത്തികൾ അടഞ്ഞുതന്നെ കിടക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലാണിതെന്നും വളരെ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡെര്‍ പറഞ്ഞു.