ഹനോയ് : അത്യന്തം അപകടകരമായ പുതിയ കൊവിഡ് വൈറസിനെ കണ്ടെത്തി. വിയറ്റ്നാമിലെ ശാസ്ത്രജ്ഞരാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്. ഇന്ത്യയിലും യുകെയിലും കണ്ടെത്തിയ കൊറോണ വൈറസ് ഇനങ്ങളുടെ സങ്കരയിനമാണ് പുതിയ വൈറസെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി പറഞ്ഞു. അടുത്തിടെ രോഗികളെ ബാധിച്ച വൈറസിനെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കണ്ടെത്തല്‍. വളരെ വേഗം പടരാനും, മാരകമാകാനും ശേഷിയുള്ളതാണ് ഇതെന്ന് ആരോഗ്യമന്ത്രി ഗുയിൻ തൻ ലോങ് പറഞ്ഞു.
Also Read: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
വിയറ്റ്നാമിലെ 63 മുനിസിപ്പാലിറ്റികളിൽ 30 എണ്ണത്തിലും പുതിയ വകഭേദത്തിന്‍റെ സാന്നിധ്യമുണ്ട്. പുതിയ ഇനമാകാം അടുത്തിടെ വിയറ്റ്നാമിലെ കൊവിഡ് കേസുകളിലുണ്ടായ വർധനവിന് കാരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യം ആദ്യ കാലങ്ങളിൽ വൈറസ് വ്യാപനത്തെ ചെറുത്തുതോൽപ്പിക്കുന്നതിൽ വിജയിച്ചിരുന്നു. മെയ് ആദ്യം വരെ 3,100 കേസുകളും 35 മരണങ്ങളുമാണ് വിയറ്റ്നാമിൽ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി 3,500 ലധികം പുതിയ കേസുകളും 12 മരണങ്ങളും സംഭവിച്ചു.
Also Read: മോദി സര്‍ക്കാരിന്‍റെ ഏഴാം വാര്‍ഷികം : പ്രതിഷേധ ദിനാചരണത്തിന് മഹാരാഷ്ട്ര കോണ്‍ഗ്രസ്
അതേസമയം, യുകെ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ഇനങ്ങളെ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആശങ്കയുളവാക്കുന്ന വകഭേദങ്ങളുടെ പട്ടികയില്‍പ്പെടുത്തി.