കാഠ്മണ്ഡു: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നേപ്പാളിൽ 150 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 18,000 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത 3,963 കേസുകളും ആർടി-പിസിആർ പരിശോധനയിലൂടെയാണ് കണ്ടെത്തിയതെന്ന് മന്ത്രാലയ വക്താവ് ഡോ. ജാഗേശ്വർ ഗൗതം പറഞ്ഞു.
കാഠ്മണ്ഡു താഴ്‌വരയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വരെ നേപ്പാളിൽ 17,994 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിൽ രാജ്യത്ത് കൊവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് മൂലം 40 പേരാണ് ഇതുവരെ മരിച്ചത്. 609 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 12,477 ആയി.
നേപ്പാളിലെ കൊവിഡ് മുക്തി നിരക്ക് 69.34 ശതമാനമാണ്. നിലവിൽ രാജ്യത്തെ ഏഴ് ജില്ലകളായ ഭോജ്പൂർ, പഞ്ചതാർ, ധൻകുത, ശങ്കുവാസഭ, റാസുവ, മനാംഗ്, മുസ്താങ്ങ് എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, മറ്റ് മൂന്ന് ജില്ലകളായ റൗത്തഹത്ത്, കൈലാലി, ബജുര എന്നിവിടങ്ങളിൽ അഞ്ഞൂറിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നാല് മാസമായി നിർത്തി വെച്ചിരുന്ന ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾ ഓഗസ്റ്റ് 17 മുതൽ പുനരാരംഭിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു. മാർച്ച് 20 ന് നേപ്പാളികൾ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാരെയും രാജ്യത്തേക്ക് പ്രവേശിക്കുന്നത് സർക്കാർ വിലക്കിയിരുന്നു. തുടർന്ന് നാല് ദിവസത്തിന് ശേഷം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി.
ഓഗസ്റ്റ് 17 മുതൽ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി നിയമ, നീതി, പാർലമെന്‍ററി കാര്യ മന്ത്രി ശിവ മായ തുംബഹാങ്‌ഫെ അറിയിച്ചു. പ്രത്യേക ആരോഗ്യ, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് എല്ലാ വിമാനങ്ങളും സർവീസ് നടത്തുമെന്ന് തുംബഹാങ്‌ഫെ പറഞ്ഞു.
ചില രാജ്യങ്ങൾ ഇതിനകം തന്നെ കൊവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തതിന്‍റെ ഭാഗമായാണ് വിമാന സര്‍വീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനമെടുത്തതെന്ന് സർക്കാർ അറിയിച്ചു. അതിർത്തി അടച്ച് ആഭ്യന്തര യാത്ര നിരോധിച്ച സാഹചര്യത്തിൽ നാലുമാസത്തോളമായി നേപ്പാളിലെ ടൂറിസം മേഖല തകർച്ചയുടെ വക്കിലാണ്. ഇത് ഉടൻ വീണ്ടെടുക്കാൻ സാധ്യതയില്ലെന്ന് വ്യവസായ മേഖലയിലുള്ളവർ പറയുന്നു.