കാഠ്‌മണ്ഡു: ഇന്ത്യൻ മാധ്യമങ്ങൾ നേപ്പാൾ വിരുദ്ധ വാര്‍ത്തകൾ സംപ്രേഷണം ചെയ്യുന്നതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാള്‍ നയതന്ത്ര വകുപ്പ് ഇന്ത്യക്ക് കത്തയച്ചു. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് നേപ്പാള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ദൂരദര്‍ശന്‍ ഒഴികെയുള്ള ഇന്ത്യന്‍ വാര്‍ത്ത ചാനലുകള്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വ്യാജവും അടിസ്ഥാന രഹിതവും വിവേകശൂന്യവുമായി ഇന്ത്യന്‍ മാധ്യമങ്ങള്‍ വിഷയത്തില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നു. പലപ്പോഴും വസ്തുതകള്‍ക്ക് വളച്ചെടിച്ചാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത് എന്നാണ് നേപ്പാളിന്‍റെ ആരോപണങ്ങൾ. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് നേപ്പാള്‍ നയതന്ത്ര വകുപ്പ് ഇന്ത്യക്ക് കത്തയച്ചത്.
നേപ്പാള്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ ചാനലുകളുടെ സംപ്രേഷണം നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍ നിര്‍ത്തിവെച്ചത്. ഇന്ത്യന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ നേപ്പാള്‍ നേതൃത്വത്തെ അധിക്ഷേപിക്കുന്നതായി നേപ്പാൾ പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തയിലെ വസ്തുക്കൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്ക് നൽകുന്നു. മാത്രമല്ല പൊതു മര്യാദയുടെ ലംഘനവും ഇവിടെ നടക്കുന്നുവെന്ന് നേപ്പാള്‍ അയച്ച കത്തില്‍ പറയുന്നു. ഡല്‍ഹിയിലെ എംബസി വഴിയാണ് വിദേശകാര്യ മന്ത്രാലയത്തിന് നേപ്പാള്‍ കത്തയച്ചിരിക്കുന്നത്.
ഇന്ത്യൻ മാധ്യമങ്ങളിൽ ഒരു വിഭാഗം സ്വീകരിച്ച നടപടിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അത്തരം വസ്തുക്കൾ മാധ്യമങ്ങളിൽ നല്‍കുന്നത് വിലക്കണമെന്നും ഇന്ത്യൻ അധികാരികളോട് നേപ്പാള്‍ സര്‍ക്കാര്‍ കത്തിലൂടെ അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യൻ മാധ്യമങ്ങളുടെ ചില റിപ്പോർട്ടുകളെ അപലപിച്ച് ഫെഡറേഷൻ ഓഫ് നേപ്പാൾ ജേണലിസ്റ്റുകളും പ്രസ് കൗൺസിൽ നേപ്പാളും രംഗത്തെത്തിയിരുന്നു.