കാഠ്‌മണ്ഡു: അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയുമായി നയതന്ത്ര ചര്‍ച്ചക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് നേപ്പാള്‍. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ മറ്റൊരു തരത്തിലുള്ള സമീപനത്തിന്‍റെ ആവശ്യമില്ലെന്നും കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയെന്ന ഉദ്ദേശമില്ലെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. മെയ് 20തിന് കാലാപാനി, ലിപുലേഖ്, ലിംപുയാധുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതോടെയാണ് ഇന്ത്യ -നേപ്പാള്‍ തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായത്. നേപ്പാളിന്‍റെ നടപടിയില്‍ ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്നും ഇത്തരം തെറ്റായ വാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഇന്ത്യ പ്രതികരിച്ചു. എന്നാല്‍ പരസ്‌പര സംവേദനക്ഷമതയുടെയും പരസ്‌പര ബഹുമാനത്തിന്‍റെയും അടിസ്ഥാനത്തില്‍ എല്ലാ അയല്‍രാജ്യങ്ങളുമായി ഇടപഴകാന്‍ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചു.
കൈലാസ മാനസരോവര്‍ വഴി ലിപുലേഖിലേക്ക് റോഡ് നിര്‍മ്മിച്ച ഇന്ത്യയുടെ നടപടി നേപ്പാളിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കാലാപാനി, ലിപുലേഖ്, ലിംപുയാധുര എന്നി പ്രദേശങ്ങള്‍ നേപ്പാളിന്‍റെതാണെന്ന് കാണിച്ച് ഭൂപടം പ്രസിദ്ധീകരിച്ചത്. ഇന്ത്യയും നേപ്പാളും തമ്മില്‍ 18,000 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തി പങ്കിടുന്നുണ്ട്.