നയ്‌പിത്ത്യോ: ആങ് സാൻ സൂചിക്കെതിരെ പുതിയ കുറ്റം ചുമത്തി മ്യാൻമർ പൊലീസ്. വിചാരണ കൂടാതെ തന്നെ സൂചിയെ അനിശ്ചിതകാലത്തേക്ക് തടവിലാക്കാൻ സാധിക്കുന്ന കേസാണ് നിലവിൽ ചുമത്തിയിരിക്കുന്നതെന്ന് സൂചിയുടെ അഭിഭാഷകൻ പറഞ്ഞു. പ്രസിഡന്‍റ് വിൻ മൈന്‍റിനെതിരെയും ഇതേ നിയമപ്രകാരം കുറ്റം ചുമത്തിയിരുന്നു.
സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് യാങ്കോണിലും മറ്റ് നഗരങ്ങളിലും നിരവധി പേർ പ്രകടനങ്ങളുമായി എത്തിയിരുന്നു. സൂചിയെയും സർക്കാരിലെ മറ്റ് അംഗങ്ങളെയും തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാർ എത്തിയത്. അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ നിരോധിച്ച ഉത്തരവിനെ ധിക്കരിച്ചാണ് 3,000 ഓളം പേർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരിൽ കൂടുതലും വിദ്യാർഥികളാണ്.
കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടത്തിയാണ് സൂചിയുടെ പാർട്ടി അധികാരത്തിൽ എത്തിയതെന്നാണ് സൈന്യം വാദിക്കുന്നത്. പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് ഒരു വർഷത്തേക്ക് അധികാരം നിലനിർത്തുമെന്നും സൈന്യം പറയുന്നു. തട്ടിപ്പ് അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. സൈനിക ഭരണത്തിൻ കീഴിൽ തയ്യാറാക്കിയ 2008 ലെ ഭരണഘടന പ്രകാരം ഭരണം ഏറ്റെടുക്കൽ നിയമാനുസൃതമാണെന്നും സൈന്യം രാജ്യത്തിന്മേൽ ആത്യന്തിക നിയന്ത്രണം നിലനിർത്തുന്നുവെന്നും സൈന്യം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അധികാരം തിരികെ നൽകാനും സൂചിയെയും മറ്റ് തടവുകാരെയും മോചിപ്പിക്കാനും യുഎൻ, യുഎസ് ഉൾപ്പെടെ മറ്റ് സർക്കാരുകളും ആവശ്യപ്പെട്ടിട്ടുണ്ട്.