രാജ്യദ്രോഹക്കേസിൽ പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷ്‌റഫിന് വധശിക്ഷ ലഭിക്കുമ്പോൾ, പാകിസ്ഥാൻ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിന്‍റെയും സൈനിക നിയമങ്ങളുടേയും വിജയകിരീടം ചൂടുകയാണ്. രാജ്യത്തിന്‍റെ പരമാധികാരം വിട്ടൊഴിയുമ്പോൾ വധശിക്ഷ തേടിവരുന്നത് മുഷറഫിനെ പോലെ അധികാരം ആസ്വദിച്ചിരുന്ന ഒരാൾക്ക് എന്തും സംഭവിക്കാമെന്ന സൂചന കൂടിയാണ് പാകിസ്ഥാൻ നല്‍കുന്നത്.
2007ല്‍ അടിയന്തരാവസ്ഥ ചുമത്തിയതാണ് മുഷറഫ് ചെയ്ത കുറ്റം. 2008ല്‍ ഇംപീച്മെന്‍റ് നടപടികള്‍ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞാണ് മുഷറഫ് അധികാരത്തില്‍ നിന്ന് പുറത്തുപോയത്. പാകിസ്ഥാന്‍റെ ചരിത്രത്തിൽ ആദ്യമായാണ് സൈനിക മേധാവിയായിരുന്ന വ്യക്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ നൽകുന്നത് .
പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹമ്മദ് സേത്തിന്‍റെ നേതൃത്വത്തിലുള്ള സിന്ധ് ഹൈക്കോടതിയാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ചിരിക്കുന്നത്.
എന്താണ് പര്‍വേസ് മുഷറഫ് ചെയ്ത കുറ്റം?
2001 മുതല്‍ 2008 വരെ പാകിസ്ഥാൻ പ്രസിഡന്‍റായിരുന്ന മുഷറഫ് പാകിസ്ഥാന്‍റെ ചരിത്രത്തില്‍ തന്നെ ഏറെ കാലം പ്രസിഡന്‍റായിരുന്ന വ്യക്തിയാണ്. നിയമവിരുദ്ധമായി ഭരണഘടന ദുരുപയോഗം ചെയ്ത് 2007 ൽ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയെന്നതാണ് മുഷറഫിന്‍റെ പേരില്‍ ആരോപിക്കുന്ന ഏറ്റവും വലിയ കുറ്റം. കുറ്റം സമ്മതിച്ചിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാല്‍ നിലവില്‍ കുറ്റം തെളിയിക്കപ്പെട്ടതിനാലാണ് അദ്ദേഹത്തിന് വധശിക്ഷ ലഭിച്ചിരിക്കുന്നത്.
ഇത്രയും കാലം എവിടെയായിരുന്നു മുഷറഫ്?
2008 ൽ സ്വയം നാടുകടത്തപ്പെട്ട അദ്ദേഹം 2013 മാർച്ചിൽ പാകിസ്ഥാനിലേക്ക് മടങ്ങി. അന്നുമുതല്‍ രാജ്യദ്രോഹ വിചാരണ അദ്ദേഹം നേരിടുന്നുണ്ട്. 2014 മാർച്ച് 31 നാണ് മുഷറഫിനെ പ്രതിയാക്കി കേസെടുത്തത്. അതേ വർഷം സെപ്റ്റംബറിൽ പ്രോസിക്യൂഷൻ മുഴുവൻ തെളിവുകളും പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു. നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിലാണ് മുഷറഫുള്ളത്.
എന്തുകൊണ്ട് ഇപ്പോള്‍ വധശിക്ഷ?
അപ്പലേറ്റ് ഫോറങ്ങളിലെ വ്യവഹാരത്തെത്തുടർന്ന്, മുഷറഫിന്‍റെ വിചാരണ നീണ്ടുനിന്നു, "വൈദ്യചികിത്സയ്ക്കായി" അദ്ദേഹം 2016 മാർച്ചിൽ പാകിസ്താൻ വിട്ടു. ആവർത്തിച്ച് സമൻസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാതിരുന്നതിനാല്‍ അദ്ദേഹം ഒളിവില്‍ പോയതായി കോടതി വിധിച്ചു. ഇതോടെ മുഷറഫിനെ അറസ്റ്റ് ചെയ്യാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് (എഫ്ഐഎ) കോടതി നിർദേശം നൽകി.
ശിക്ഷയ്‌ക്കുള്ള കാരണം?
2007 നവംബർ മൂന്നിന് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന് മുഷറഫിന്‍റെ പേരില്‍ ഉയർന്ന രാജ്യദ്രോഹ വിചാരണയ്ക്ക് 2013 ഡിസംബർ മുതൽ തീർപ്പുകൽപ്പിച്ചിട്ടില്ല. 2013 ഡിസംബറിൽ അധികാരത്തിലിരുന്ന പി.എം.എൽ-എൻ സർക്കാർ 2014 മാർച്ച് 31 നാണ് മുഷറഫിനെതിരെ കേസെടുത്തത്. പ്രോസിക്യൂഷൻ മുഴുവൻ തെളിവുകളും അതേ വർഷം സെപ്റ്റംബറിൽ പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു.
മുഷറഫിന്‍റെ പ്രസ്താവന രേഖപ്പെടുത്താൻ അഭ്യർത്ഥന?
സിആർപിസിയിലെ സെക്ഷൻ 342 വഴി മുഷറഫിന്‍റെ പ്രസ്താവന രേഖപ്പെടുത്താനുള്ള അഭ്യർത്ഥന സമർപ്പിച്ചതായി മുഷറഫിന്‍റെ അഭിഭാഷകൻ അഡ്വ. റാസ ബഷീർ പറഞ്ഞു. ന്യായമായ വിചാരണയ്ക്കുള്ള അവകാശം മുഷറഫിന് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
വിധിക്കെതിരെ എന്തുചെയ്യാം?
വധശിക്ഷക്കെതിരെ അദ്ദേഹത്തിന് സുപ്രീം കോടതിയിൽ അപ്പീൽ നല്‍കാം.
പ്രത്യേക കോടതിയുടെ വിധി സുപ്രീം കോടതി ശരിവയ്ക്കുകയാണെങ്കിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് മാപ്പ് നൽകുന്നതിന് ആർട്ടിക്കിൾ 45 പ്രകാരം ഭരണഘടനാപരമായ അധികാരം രാഷ്ട്രപതിക്കുണ്ട്. .