കാബൂൾ: താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്‍റെ മകൻ മുല്ല യാക്കൂബ് താലിബാന്‍റെ ഇടക്കാല കമാൻഡറായി ചുമതലയേറ്റു. മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മുല്ല യാക്കൂബിനെ നേതാവാക്കാന്‍ തീരുമാനിച്ചതെന്ന് താലിബാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
ഒമറിന്‍റെ അനുയായി, താലിബാൻ നേതാവ് ഹൈബതുല്ലഹ് അഖുംദജ്‌ദക്കും സഹായി സിറാജുദ്ദീൻ ഹഖാനിയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് ഇവർ നേതൃത്വത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
അതേസമയം, താലിബാന്‍ പുതിയ കമാന്‍ഡറെ സംബന്ധിച്ച് നേതൃത്വത്തില്‍ കടുത്ത വിയോജിപ്പുകളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ദോഹയിലെ താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസില്‍ നിന്ന് നിരവധിപേരെ ഒഴിവാക്കിയതായും ചിലരെ പാകിസ്ഥാനിലേക്ക് മടക്കി അയച്ചതായും അഫ്‍ഗാനിസ്ഥാന്‍ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്) മുന്‍ ഡയറക്ടര്‍ റഹ്‍മത്തുള്ള നബില്‍ പറഞ്ഞു.
2015 ജൂലൈയിൽ മുല്ല ഒമർ മരിച്ചതായി സ്ഥിരീകരിച്ചതു മുതൽ മുല്ല യാക്കൂബ് പിതാവിന്‍റെ പിൻഗാമിയാകാനുള്ള ശ്രമം നടത്തിവരികയാണ്. എന്നാൽ 2016ൽ അഫ്ഗാനിസ്ഥാനിലെ 15 പ്രവിശ്യകളിലെ താലിബാൻ സൈനിക കമ്മീഷനെ നയിക്കാൻ യാക്കൂബിനോട് താലിബാൻ നേത്യത്വം ആവശ്യപ്പെടുകയായിരുന്നു.