ഇസ്‌ലാമാബാദ്: പള്ളികള്‍ കൊവിഡ് രോഗം പടരുന്നതിനുള്ള പ്രധാന കേന്ദ്രമായി മാറുന്നതായി പാകിസ്ഥാന്‍ ഇസ്ലാമിക് മെഡിക്കല്‍ അസോസിയേഷന്‍. റമദാന്‍ മാസം ആരംഭിച്ചതോടെ പള്ളികള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പള്ളികള്‍ രോഗം പടരുന്നതിനുള്ള പ്രധാന ഹോട്ട് സ്പോട്ടാണെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് ഇഫ്തികാര്‍ ബര്‍ണി പറഞ്ഞു.
കഴിഞ്ഞ ആറ് ദിവസമായി രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയില്‍ കൂടുതല്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 12657 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 256 പേര്‍ മരിച്ചു. 200 ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും 100 ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. മത കേന്ദ്രങ്ങളില്‍ കൂട്ടം കൂടി പ്രാര്‍ഥിക്കുന്നത് തടയാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമെ പള്ളികള്‍ തുറക്കാന്‍ പാടുള്ളു. സമൂഹ്യ അകലം പാലിച്ച് വേണം പ്രാര്‍ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളികളില്‍ എത്തുന്നവര്‍ വീടുകളില്‍ നിന്നും ശുദ്ധിയായിട്ടെ വരാവു. സിന്ധ് പ്രവിശ്യയിലെ പള്ളികള്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ കഴിവതും വീടുകളില്‍ പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.