ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയത്തിന് ശേഷം മോദിയും ട്രംപും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ജി20 ഉച്ചക്കോടിയുടെ ഔദ്യോഗിക തുടക്കത്തിന് മുന്നോടിയായി വ്യാപാരം, പ്രതിരോധം, 5ജി എന്നീ വിഷയങ്ങളിൽ ട്രംപുമായി ചർച്ച നടത്തി. അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ വർധിപ്പച്ചതിനെ സംബന്ധിച്ച കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും തീരുമാനം പിന്‍വലിക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ഇന്ന് നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ഇറാൻ, 5ജി, ഉഭയകക്ഷി ബന്ധങ്ങൾ, പ്രതിരോധ ബന്ധങ്ങൾ എന്നീ വിഷയങ്ങളിൽ ട്രംപുമായി ചർച്ചക്ക് താൽപര്യമുണ്ടെന്നും മോദി അറിയിച്ചു. ഇന്ത്യ, ചൈന, യുഎസ് വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ത്രിരാഷ്ട്ര ചര്‍ച്ചയും ഇന്ന് നടക്കും.
തെരഞ്ഞെടുപ്പ് വിജയത്തിൽ മോദിയെ അഭിനന്ദിച്ച ട്രംപ് ഇരുരാജ്യങ്ങൾക്കും സൈനിക സഹകരണം ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും ഒന്നിച്ച് പ്രവർത്തിക്കാനുള്ള താൽപര്യം അറിയിച്ചു. അടുത്തിടെ നടന്ന ജയ് (ജപ്പാൻ-അമേരിക്ക-ഇന്ത്യ) ത്രികക്ഷിയോഗത്തിന് ശേഷം ഇത് വളരെ പെട്ടന്നുണ്ടായ അടുത്ത കൂടിക്കാഴ്ചയെന്ന് മോദി പരാമർശിച്ചു.
ഇന്നും നാളെയുമായാണ് ജി-20 ഉച്ചകോടി ഒസാക്കയില്‍ നടക്കുന്നത്. സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കല്‍ എന്നിവ ഉച്ചകോടിയുടെ പ്രധാന അജണ്ടകളാണ്.