ധാക്ക: ബംഗ്ലാദേശിലെ ഫാക്‌ടറിയിലുണ്ടായ തീപിടിത്തത്തിൽ 40 പേർ കൊല്ലപ്പെട്ടു. 30ഓളം പേർക്ക് സംഭവത്തിൽ പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ധാക്കയ്ക്ക് സമീപത്തെ രൂപ്‌ഗഞ്ചിലെ ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഫാക്‌ടറി യൂണിറ്റിൽ പടർന്ന് പിടിച്ചിരിക്കുന്ന തീ ഇതുവരെ അണയ്ക്കാൻ സാധിച്ചിട്ടില്ല. നിരവധി രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.
തീ അൽപ്പമെങ്കിലും നിയന്ത്രണവിധേയമാക്കിയ ശേഷം കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണ് രക്ഷാപ്രവർത്തകർ ലക്ഷ്യം വയ്‌ക്കുന്നത്. നിരവധി ആളുകളെ കാണാനില്ലെന്നും അധികൃതർ പറഞ്ഞു.
സാധാരണ നിലയിൽ കെട്ടിടത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ ഉണ്ടാവാറുണ്ടെങ്കിലും തീപിടിത്തമുണ്ടായ ദിവസം പലരും നേരത്തെ പോയിരുന്നു. ഇതിനാലാണ് ഇതിലും വലിയ ഒരു ദുരന്തം ഒഴിവായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കെട്ടിടത്തിന്‍റെ താഴത്തെ നിലകളിലായിരുന്നു ആദ്യം തീ പടർന്ന് പിടിച്ചത്. ഫാക്‌ടറിയുടെ മേൽക്കൂരയിലേക്കുള്ള വഴി പൂട്ടിയിരുന്നതിനാൽ കെട്ടിടത്തിൽ അകപ്പെട്ട തൊഴിലാളികൾക്ക് മേൽക്കൂര വഴി പുറത്തുകടക്കാനും സാധിച്ചില്ലെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: ദുബായിൽ കപ്പലിൽ തീപിടിത്തം; ആളപായമില്ലെന്ന് അധികൃതർ