അന്‍റാനനാരിവോ : മഡഗാസ്‌കർ ദ്വീപിന്‍റെ വടക്ക് കിഴക്ക് തീരത്ത് ഹെലികോപ്റ്റർ തകർന്നുവീണതിനെ തുടർന്ന് രക്ഷപ്പെട്ട ആഭ്യന്തര മന്ത്രിയും ചീഫ് വാറണ്ട് ഓഫിസറും കരയ്‌ക്കെത്തിയത് 12 മണിക്കൂർ നീന്തി. അപകടത്തിൽപ്പെട്ട ജെൻഡാമെറിയുടെ സ്റ്റേറ്റ് സെക്രട്ടറി ജനറൽ സെർജ് ഗെല്ലെയെ ഒരു മത്സ്യത്തൊഴിലാളിയുടെ സഹായത്തോടെയാണ് കരയ്ക്കെത്തിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചീഫ് വാറണ്ട് ഓഫിസർ ജിമ്മി ലൈറ്റ്‌സാരയും മഹാംബോ തീരത്ത് എത്തിയതായി അധികൃതർ കൂട്ടിച്ചേർത്തു.
57കാരനായ ഗെല്ലെ അടക്കം നാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പൈലറ്റിനായും മറ്റൊരു യാത്രക്കാരനായും തിരച്ചിൽ തുടരുകയാണെന്നും അപകടത്തിന്‍റെ കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
മരിക്കാനുള്ള തന്‍റെ ഊഴം ഇതുവരെ ആയിട്ടില്ലെന്നും തനിക്ക് അൽപ്പം തണുപ്പ് തോന്നുണ്ടെന്നുമാണ് മഡഗാസ്‌കർ പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഗെല്ലെ പ്രതികരിക്കുന്നത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന അതേ സൈനിക വേഷത്തിൽ ഒരു ലോഞ്ച് കസേരയിൽ തളർന്ന് കിടക്കുന്നതായി വീഡിയോയിൽ കാണാം.
മഡഗാസ്കർ കടലിൽ ഫ്രാൻസിയ എന്ന ബോട്ട് മറിഞ്ഞതിനെതുടർന്ന് അപകട സ്ഥലം സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്. ചെറിയ ചരക്ക് കപ്പലിൽ 138 പേരെ അനധികൃതമായി കൊണ്ടുപോകുന്നതിനിടെയാണ് തിങ്കളാഴ്ച മുങ്ങിയത്. തുടർന്ന് ബുധനാഴ്‌ച വടക്കുകിഴക്കൻ ഭാഗത്തുള്ള സെന്‍റ് മേരി ദ്വീപിൽ നിന്ന് 25 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.