കാഠ്‌മണ്ഡു: നേപ്പാളിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ ഒമ്പതായി ഉയർന്നു. 22 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ശക്തമായ മഴയെത്തുടർന്ന് നേപ്പാളിലെ മൂന്ന് ഗ്രാമങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സിന്ധുപാൽച്ചൗക്ക് ജില്ലയിലെ നാഗ്‌പുജെ, ഭിർഖാർക, നെവാർ ടോൾ ഗ്രാമങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് ഏഴ് മൃതദേഹങ്ങളും ഭോട്ടെകോഷി, സുങ്കോഷി നദികളിൽ നിന്ന് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തു. മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിന്ധുപാൽച്ചൗക്ക് പൊലീസ് മേധാവി രാജൻ അദികാരി അറിയിച്ചു.
ഗുംതാങ് മേഖലയിലുള്ളവരെയാണ് കാണാതായത്. നാശനഷ്‌ടങ്ങളുടെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും 11 വീടുകൾ ഒഴുകിപ്പോയെന്നും രാജൻ അദികാരി പറഞ്ഞു. നേപ്പാൾ ആർമി, നേപ്പാൾ പൊലീസ്, സായുധ പൊലീസ് സേന എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. എല്ലാ വർഷവും സെപ്റ്റംബറിലെ മഴക്കാലത്ത് നേപ്പാളിലെ പർവതനിരകളിൽ മണ്ണിടിച്ചിൽ സാധാരണമാണ്. ഈ വർഷത്തെ സർക്കാർ കണക്കുകൾ പ്രകാരം ശക്തമായ മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ 351 പേർ മരിച്ചു. 85 പേരെ കാണാതായി.