ഇസ്ലാമാബാദ്: ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ലാഹോർ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാന നഗരമാണിത്. ഇവിടെ സുരക്ഷിത പരിധിയേക്കാൾ ആറ് മടങ്ങ് എ.ക്യൂ.ഐ (വായു ഗുണനിലവാര സൂചിക) രേഖപ്പെടുത്തിയതിനെ തുടർന്നാണ് മലിന നഗരങ്ങളുടെ പട്ടികയിൽ ലാഹോർ ഒന്നാമതെത്തിയത്. നഗരങ്ങളിലെ എ.ക്യൂ.ഐ കണ്ടെത്തി കണക്കുകൾ പുറത്തുവിട്ടത് സ്വിസ് എയർ ടെക്നോളജി കമ്പനിയായ 'ഐക്യൂ എയർ' ആണ്. തിങ്കളാഴ്‌ച രാവിലെ ലാഹോർ നഗരത്തിൽ ചാരനിറത്തിലുള്ള മൂടൽ മഞ്ഞുണ്ടാകുകയും എ.ക്യൂ.ഐ 306 രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.
കൊവിഡ് വ്യപനവും മരണവും വർധിക്കുന്നതിനിടെയാണ് നഗരത്തിലെ വായുവിന്‍റെ ഗുണനിലവാരം തീർത്തും അപകടകരമായ സ്ഥിതിയിലെത്തിയിരിക്കുന്നത്. ഏറ്റവും മലിനമായ ആദ്യ പത്ത് നഗരങ്ങളിൽ ഏഴാം സ്ഥാനത്ത് കറാച്ചിയാണ്. എ.ക്യൂ.ഐ 50ന് താഴെയാകുമ്പോഴാണ് വായുവിന്‍റെ ഗുണനിലവാരം തൃപ്‌തികരമാണെന്ന് കണക്കാക്കുന്നത്.