പ്യോങ്‌യാങ്: മാരകമായ കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ ശക്തമായ മുൻകരുതലിന് നിർദേശിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. കോവിഡ് 19 രോഗം ബാധിച്ചവര്‍ രാജ്യത്ത് കടക്കുന്ന സാഹചര്യമുണ്ടായാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും വൈറസിനെ ഏതുവിധേനയും തടയണമെന്നും ഉന്നത അധികൃതരുടെയും പാർട്ടി നേതാക്കളുടെയും യോഗത്തിൽ കിം ജോങ് ഉൻ പറഞ്ഞതായി ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയിൽ ഒരു കോവിഡ് 19 കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, കോവിഡ് 19 ബാധിച്ച ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ യോഗത്തിലാണ് വൈറസ് ബാധ തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് കിം ജോങ് ഉൻ നിർദേശിച്ചത്. കര-വ്യോമ മാർഗങ്ങൾ ഉൾപ്പടെ വൈറസ് കടന്നുവരാൻ സാധ്യതയുള്ള എല്ലാ മാർഗങ്ങളും അടക്കാനും പരിശോധന വ്യാപകമാക്കാനും കിം ജോങ് ഉൻ നിർദേശിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ അയൽരാജ്യമായ ദക്ഷിണ കൊറിയയിൽ 2300ലേറെ പേർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്.