സിയോൾ: ഉത്തരകൊറിയയുടെ ഈ വർഷത്തെ സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അവതരിപ്പിച്ച് കിം ജോങ് ഉൻ. വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയുടെ വാർഷിക യോഗത്തിലാണ് ഉത്തരകൊറിയൻ ഏകാധിപതി പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്.
രാജ്യത്തെ ഭഷ്യക്ഷാമം പരിഹരിക്കാൻ കൃഷിക്ക് പ്രാധാന്യം നൽകണമെന്ന് പറഞ്ഞ ഉൻ സോഷ്യലിസത്തിലൂടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. പാർട്ടി സാമ്പത്തിക പരിഷ്‌കരണങ്ങളെ അംഗീകരിക്കുന്നതായി ഉൻ യോഗത്തിൽ അറിയിച്ചു. സാമ്പത്തിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും എല്ലാവരും അവരവരുടെ പങ്ക് ഉത്തരവാദിത്വത്തോടെ വഹിക്കണമെന്നും കിം ജോങ് ഉൻ ആവശ്യപ്പെട്ടു.