സോൾ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ടെന്ന് ദക്ഷിണ കൊറിയ. ഉത്തര കൊറിയയുടെ സുപ്രധാന വാര്‍ഷികത്തില്‍ കിം പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പ്രചരിച്ച അഭ്യൂഹങ്ങളെ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റിന്‍റെ ഉന്നത സുരക്ഷാ ഉപദേഷ്‌ടാവ് മൂൺ ചെങ് ഇൻ നിഷേധിച്ചു. ഞങ്ങളുടെ സർക്കാരിന്‍റെ നിലപാട് ഉറച്ചതാണെന്നും കിം ജോങ് ഉൻ ജീവിച്ചിരിക്കുന്നുവെന്നും മൂൺ ചെങ് ഇൻ സിഎൻഎഎന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഏപ്രിൽ 13 മുതൽ കിം രാജ്യത്തിന്‍റെ കിഴക്കൻ റിസോർട്ട് പട്ടണമായ വോൺസാനിലാണ് താമസിക്കുന്നതെന്നും സംശയാസ്‌പദമായ കാര്യങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്നും മൂൺ ചെങ് ഇൻ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 15ന് മുത്തച്ഛനും ഉത്തര കൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍ സൂങിന്‍റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം ജോങ് ഉൻ വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന വാര്‍ത്തകൾ പ്രചരിച്ചത്. ഏപ്രിൽ 11 ന് നടന്ന വർക്കേഴ്‌സ് പാർട്ടി പോളിറ്റ് ബ്യൂറോ യോഗത്തിലാണ് കിം അവസാനമായി പങ്കെടുത്തത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിമ്മിന്‍റെ സ്ഥിതി ഗുരുതരമായെന്നും മസ്‌തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഈ വാര്‍ത്തയെ തള്ളിയിരുന്നു. കിമ്മിന്‍റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ഉത്തര കൊറിയയില്‍നിന്ന് പ്രത്യേകിച്ച് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നേരത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്‍റിന്‍റെ ഓഫീസും വ്യക്തമാക്കിയിരുന്നു.