ഇരുപത്തിയൊൻപത് വർഷക്കാലത്തെ ഭരണം അവസാനിപ്പിച്ച് ഖസാക്കിസ്ഥാൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നർസുൽത്താൻ നസർബയേവ് രാജിവച്ചു. മാർച്ച് മുപ്പതിനാണ് നർസുൽത്താന്‍റെ ഭരണകാലാവധി അവസാനിക്കാനിരുന്നത്. എന്നാൽ തുടർഭരണമേൽക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും പ്രത്യേക കാരണങ്ങൾ ഒന്നും തന്നെ രാജിക്ക് പിന്നിലില്ലെന്നും നർസുൽത്താൻ പറഞ്ഞു.
സ്വതന്ത്ര ഖസാക്കിസ്ഥാന്‍റെ വളർച്ചക്കു പിന്നിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷം തികയുന്നുവെന്നും രാജ്യത്തിന്‍റെ മുന്നോട്ടുള്ള വളർച്ചയും പുനരുദ്ധാരണവും വളർന്നു വരുന്ന നേതാക്കളിൽ സുരക്ഷിതമായിരിക്കുമെന്നും നർസുൽത്താൻ പറഞ്ഞു.
പെട്ടെന്നുണ്ടായ എണ്ണ വിലയിടിവും അമേരിക്ക റഷ്യക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലമുണ്ടായ വ്യാപാര ബന്ധ തകർച്ചയും ഖസാക്കിസ്ഥാന്‍റെ സാമ്പത്തിക വ്യവസ്ഥിതിയെ സാരമായി ബാധിച്ചിരുന്നു. പരിഹാരം കണ്ടെത്താൻ സാധിക്കാതിരുന്നിതിനാൽ ജനങ്ങൾ സർക്കാരിനെതിരെ തിരിയുയകയും ചെയ്തിരുന്നു. ഇത്തരം വിവാദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് നർസുൽത്താൻ രാജി വച്ച് സ്ഥാനമൊഴിയുന്നതെന്നതും ശ്രദ്ധേയമാണ്.
2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ രാജ്യത്തെ 98ശതമാനം വോട്ടുകളും സ്വന്തമാക്കിയാണ് അഞ്ചാം തവണയും പ്രസിഡന്‍റായി നർസുൽത്താൻ പദവിയിലേറിയത്.