കാബൂൾ : അഫ്‌ഗാനിസ്ഥാനിലെ സദ്‌ഗുണ പ്രചരണ മന്ത്രാലയത്തിന് മുന്‍പില്‍ ഞായറാഴ്‌ച പ്രതിഷേധ മാര്‍ച്ച് നടത്തി സ്ത്രീകള്‍. രാജ്യത്തെ വനിതാകാര്യ മന്ത്രാലയം അടച്ചുപൂട്ടി താലിബാന്‍, സദ്‌ഗുണ പ്രചരണ വകുപ്പ് സ്ഥാപിച്ചതിലാണ് പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തിയത്.
പൊതുസമൂഹത്തില്‍ നിന്നും സ്ത്രീകളുടെ പങ്കാളിത്തം ഒഴിവാക്കുകയും ശാക്തീകരണം തടയുകയും ചെയ്യുകയെന്ന താലിബാന്‍ നയത്തിന്‍റെ ഭാഗമായാണ് ഭരണകൂടം മന്ത്രാലയം അടച്ചത്. പ്ലക്കാര്‍ഡുകള്‍ പിടിച്ച്, മുദ്രാവാക്യം ഉയര്‍ത്തി നിരവധി പേരാണ് പ്രക്ഷോഭത്തിന്‍റെ ഭാഗമായത്.
ALSO READ: ചൈനയില്‍ യാത്രാ കപ്പല്‍ മറിഞ്ഞ് ഒമ്പത് മരണം ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
സ്ത്രീകൾ സജീവമല്ലാത്ത ഒരു സമൂഹം മരിച്ചതിന് തുല്യമാണ്. സ്വാതന്ത്ര്യം ഞങ്ങളുടെ ലക്ഷ്യമാണ്, അത് ഞങ്ങളെ അഭിമാന ബോധമുള്ളവരാക്കി മാറ്റുന്നു തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ സ്ത്രീകള്‍ ഉയര്‍ത്തി.
10 മിനിട്ടാണ് പ്രതിഷേധം നീണ്ടുനിന്നത്. സ്ത്രീകളെ വിദ്യാഭ്യാസത്തില്‍ നിന്നും ജോലിയില്‍ നിന്നും തടയില്ലെന്ന് നേരത്തേ താലിബാന്‍ ഉറപ്പുനൽകിയിരുന്നു. എന്നാല്‍ പിന്നീട് ഭരണകൂടം വാഗ്‌ദാനങ്ങളിൽ വീഴ്ച വരുത്തുകയായിരുന്നു.