കാബൂൾ: അഫ്‌ഗാനിസ്ഥാൻ തലസ്ഥാനത്തെ ഗേൾസ് സ്‌കൂളിൽ ഉണ്ടായ സ്‌ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 53 ആയി ഉയർന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കാബൂളിന് പടിഞ്ഞാറ് സായിദ്-ഉൽ-ഷുഹാദ ഹൈസ്‌കൂളിന് സമീപം ശനിയാഴ്‌ച ഉച്ചയോടെ മൂന്ന് സ്‌ഫോടനങ്ങളുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാറിൽ ബോംബാക്രമണം നടത്തിയായിരുന്നു സ്ഫോടനങ്ങളുടെ തുടക്കം. തുടർന്ന് സ്‌കൂളിന് സമീപം രണ്ട് റോക്കറ്റ് ആക്രമണങ്ങളും ഉണ്ടായതായി വൃത്തങ്ങൾ അറിയിച്ചു.
സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെയും ഏതെങ്കിലുമൊരു വ്യക്തിയോ ഗ്രൂപ്പോ ഏറ്റെടുത്തിട്ടില്ല. കൂടാതെ ആക്രമണത്തിലെ പങ്കാളിത്തം താലിബാൻ നിഷേധിച്ചിരുന്നു. വിദ്യാർഥികൾ സ്‌കൂളിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ ഇരയായവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നും സ്‌കൂൾ അധ്യാപകനായ ഇബ്രാഹിം അറിയിച്ചു.
Also Read: കാബൂളില്‍ സ്ഫോടനം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു, പതിനൊന്ന് പേർക്ക് പരിക്ക്